പരപ്പ: ഇന്നലെ രാത്രി വരെ നാട്ടിലെ ആംബുലൻസിന്റെ വളയം പിടിച്ച് ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്ന അബ്ദുൽറഹ്മാൻ എന്ന പാടിയിൽ അന്ത്രുവിന്റെ ജീവിതയാത്ര ഇന്ന് അപ്രതീക്ഷിതമായി അവസാനിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
കമ്മാടം മൂലപ്പാറ താമസക്കാരനും പാറപ്പള്ളി പാടിയിൽ ഫാത്തിമയുടെ മകനുമായ അന്ത്രു, പരപ്പ ശിഹാബ് തങ്ങൾ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ്, കെഎംസിസി ആംബുലൻസ് ഡ്രൈവറായിരുന്നു. അടിയന്തര വിളി എത്തിയാൽ സമയവും സാഹചര്യവും നോക്കാതെ ആംബുലൻസുമായി പാഞ്ഞെത്തുന്ന അന്ത്രു നാട്ടുകാർക്ക് വെറും ഡ്രൈവറായിരുന്നില്ല; പല കുടുംബങ്ങൾക്കും പ്രതീക്ഷയുടെ കൈത്താങ്ങായിരുന്നു.
നിരവധി പേരെ ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടത്തിൽ പങ്കാളിയായ അന്ത്രു, നാട്ടുകാരുടെ പ്രിയപ്പെട്ടവനും പരോപകാരിയുമായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നിരന്തരം പാഞ്ഞിരുന്ന ആംബുലൻസിന്റെ ഡ്രൈവറെ ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അന്ത്രുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി വരെ പതിവുപോലെ ആംബുലൻസ് സേവനത്തിൽ ഉണ്ടായിരുന്നയാൾ മണിക്കൂറുകൾക്കകം നിശ്ചലനായെന്ന യാഥാർഥ്യം നാട്ടുകാർക്ക് വിശ്വസിക്കാനാകാത്ത വേദനയായി.
മൂലപ്പാറയിലെ നസീമയാണ് ഭാര്യ. മക്കൾ: സഹദ് (അജ്മാൻ), ഷഫാദ് (ഒമാൻ), ഫാത്തിമ.
സഹോദരങ്ങൾ: ഹസൈനാർ ഗുരുപുരം, അഷ്റഫ് പാറപ്പള്ളി ,ദൈനബി ഗുരുപുരം.പരേതരായ ആസിയ, നബീസ .
തുടർനടപടികൾ സ്വീകരിച്ച വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ് മേർട്ടത്തിന് ശേഷം രാത്രി 8 മണിയോടെ പാറപ്പള്ളി മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും.
അതിന് ശേഷം പരപ്പയിലേക്ക് കൊണ്ടുവരും.












Leave a Reply