തൃക്കരിപ്പൂർ: നടക്കാവിലെ ജില്ലാ സ്റ്റേഡിയം യുവജന ക്ഷേമം യുവജനകാര്യം നിയമസഭാസമിതി ചെയർപേഴ്സൺ സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഉദ്ഘാടനം ചെയ്തെങ്കിലും സ്റ്റേഡിയം ഇനിയും കായികതാരങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല.നിർവഹണ ഏജൻസിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായാണ് പ്രാഥമികമായി മനസ്സിലാകുന്നതെന്നും നിയമസഭ സമിതി ചെയർപേഴ്സൺ പറഞ്ഞു.സ്റ്റേഡിയത്തിനകത്തുള്ള ടർഫ് ഫുട്ബോൾ കോർട്ട് എംഎൽഎ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്ന് സമിതി അംഗം കൂടിയായ തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ പറഞ്ഞു. കായിക താരങ്ങൾക്ക് സ്റ്റേഡിയം തുറന്നു കൊടുത്ത് മികച്ച മത്സരങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.സർക്കാറിൻ്റെ നികുതി പണം പാഴാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സമിതി അംഗം ടി പി അഷറഫലി പറഞ്ഞു.സ്റ്റേഡിയം സന്ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ സമിതിയുടെ നിർദ്ദേശങ്ങൾ സർക്കാറിന് സമർപ്പിക്കും.നിയമസഭാ ജോയിൻ്റ് സെക്രട്ടറി ആർ എസ് സന്തോഷ് കുമാർ, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടൻ എം സുരേഷ്,ദേശീയ ഫുട്ബോൾ താരം മുഹമ്മദ് റാഫി, സെപ്ത ക്രോൺ ദേശീയ ടീം അംഗം ശ്രേയ , കേരള ഫുട്ബോൾ അസോസിയേഷൻ ഡപ്യൂട്ടി സെക്രട്ടറി റഫീഖ്, ഹെഡ് കോച്ച് കെ.വി ഗോപാലൻ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള ,വൈസ് പ്രസിഡണ്ട് എം രജീഷ് ബാബു സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജീബ് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.












Leave a Reply