മഞ്ചേശ്വരം റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

കാസർകോട്: റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു. മഞ്ചേശ്വരം മുൾക്കി ദർഗ റോഡിലെ നാസർ യുസുഫ് മകൻ മുഹമ്മദ് ഐസാൻ യൂസഫാണ് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 9ന് രാത്രിയാണ് അപകടം ഉണ്ടായത്. മൂടംബയലെ സിഗ്നേച്ചർ ഫാംസ് എന്ന റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വച്ചാണ് കുട്ടി വീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി കുട്ടിയെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം റിസോർട്ടിലെത്തിയതായിരുന്നു ഐസാൻ.

കളിക്കുന്നതിനിടെയാണ് കുട്ടി സ്വിമ്മിങ് പൂളിൽ വീണതെന്നാണ് പ്രാഥമിക വിവരം. സമീപത്തുണ്ടായിരുന്നവർ ഉടൻ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞു മരണപ്പെട്ടു. സ്വിമ്മിങ് പൂളുകളിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും സംഭവം ചൂണ്ടിക്കാട്ടി നാട്ടുകാർ ആവശ്യപ്പെട്ടു.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *