ന്യൂഡൽഹി: എയർടെൽ ഉപയോക്താക്കൾ റീചാർജ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം. പതിവായി ഉപയോഗിച്ചിരുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ പിൻവലിച്ചത്. ഇതോടെ 299 രൂപ പ്ലാൻ ഉൾപ്പെടെയുള്ള ചില പ്ലാനുകളുടെ ഉപയോക്താക്കൾക്ക് സമാന ആനുകൂല്യങ്ങൾ ലഭിക്കാൻ ഇനി കൂടുതൽ തുക നൽകേണ്ടിവരും.രാജ്യവ്യാപകമായി 299, 579, 619, 649 രൂപ നിരക്കിലുള്ള നാല് പ്ലാനുകളാണ് പിൻവലിച്ചത്.
299 രൂപ പ്ലാനിന് പകരം ഇനി 349 രൂപ പ്ലാൻ
ഏറ്റവും ശ്രദ്ധേയമായ മാറ്റം 299 രൂപ പ്ലാനിലാണ്. 28 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റ നൽകിയിരുന്ന 299 രൂപ പ്ലാൻ ഇനി ലഭ്യമല്ല.പകരം ലഭിക്കുന്ന പ്രധാന ഓപ്ഷൻ 349 രൂപ പ്ലാനാണ്. ഇതിൽ 28 ദിവസത്തേക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. എന്നാൽ പഴയ പ്ലാനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് 50 അധികം നൽകേണ്ടിവരും.
കൂടുതൽ വിലയുള്ള പ്ലാനുകളിലേക്ക് മാറ്റം
മിഡ്-റേഞ്ച് വിഭാഗത്തിലെ ചില പ്ലാനുകളും എയർടെൽ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കൾക്ക് ലഭ്യമായ വിലനിരക്കുകളുടെ എണ്ണം കുറഞ്ഞു.
199 രൂപ പ്ലാൻ ഇപ്പോഴും ലഭ്യമാണ്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. അടുത്ത ഓപ്ഷനായ 219 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് മൂന്ന് ജിബി ഡാറ്റ ലഭിക്കും.എയർടെല്ലിന്റെ പുതിയ നീക്കം മുഴുവൻ പ്രീപെയ്ഡ് പ്ലാനുകളുടെയും നിരക്ക് വർധിപ്പിക്കുന്നതല്ല. തിരഞ്ഞെടുത്ത ചില പ്ലാനുകൾ മാത്രമാണ് പിൻവലിച്ചത്. ഇവയ്ക്ക് പകരം ലഭിക്കുന്ന പ്ലാനുകൾക്ക് ഏകദേശം 5 മുതൽ 16 ശതമാനം വരെ അധിക ചെലവ് വരും.
ലക്ഷ്യം കൂടുതൽ വരുമാനം
ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം അഥവാ arpu വർധിപ്പിക്കാനുള്ള എയർടെല്ലിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഡാറ്റയും സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കൾ ഉയർന്ന നിരക്കിലുള്ള പ്ലാനുകളിലേക്ക് മാറണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.
അതേസമയം, ഉപയോക്താക്കൾക്ക് ഇനി കുറഞ്ഞ വിലയിലുള്ള കൂടുതൽ ഓപ്ഷനുകൾ ലഭിക്കില്ല എന്നതാണ് പ്രധാന മാറ്റം. പ്രത്യേകിച്ച് 299 പ്ലാൻ ഉപയോഗിച്ചിരുന്നവർക്ക് സമാനമായ ഡാറ്റ ലഭിക്കാൻ ഇനി കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.












Leave a Reply