പാറക്കടവ്: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ സോഷ്യൽ വർക്ക് വിഭാഗവും കാസർഗോഡ് ജില്ലാ മഹിളാ സമാഖ്യ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ റൂറൽ ക്യാമ്പ് “നുമ്പക് 2026 — ഒന്നിച്ച് ചിന്തിക്കാം, ഒന്നായ് മുന്നേറാം” പാറക്കടവ് ഉന്നതി കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു.സ്റ്റാഫ് കോഓർഡിനേറ്റർ റിൻഷാദ് കെ.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം. ഷിബു അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ഗ്രാമീണ സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനുള്ള അവസരം ഒരുക്കുന്ന സോഷ്യൽ വർക്ക് വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളും സമൂഹവും തമ്മിൽ അർത്ഥവത്തായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ ഗ്രാമീണ ക്യാമ്പുകൾക്കുള്ള പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
സോഷ്യൽ വർക്ക് വിഭാഗം ടീച്ചർ ഇൻ-ചാർജ് ഡോ. അനിത എ. ക്യാമ്പിന്റെ പ്രമേയം, ലക്ഷ്യം, ഉദ്ദേശ്യങ്ങൾ എന്നിവ അവതരിപ്പിച്ചു. ഗ്രാമീണ സമൂഹങ്ങളുമായി നേരിട്ടുള്ള ഇടപെടലിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും വിവിധ സാമൂഹിക പ്രശ്നങ്ങളും സാധ്യതകളും തിരിച്ചറിയാനും പ്രായോഗിക സോഷ്യൽ വർക്ക് കഴിവുകൾ വികസിപ്പിക്കാനും ഇത്തരം ക്യാമ്പുകൾ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അവർ പറഞ്ഞു.












Leave a Reply