ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചുരം പാതയിലൂടെ മംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണയോട്ടം ആരംഭിച്ചു. ബെംഗളൂരു – മംഗളൂരു പാതയുടെ ചുരം മേഖലയിലൂടെയുള്ള പരീക്ഷണ ഓട്ടമാണ് ആരംഭിച്ചത്. ശകലേശ്പുരമുതൽ സുബ്രഹ്മണ്യറോഡ് വരെയുള്ള ഭാഗത്താണ് പരീക്ഷണ ഓട്ടം. ട്രെയിൻ സർവീസ് ആരംഭിച്ച് കഴിഞ്ഞാൽ വടക്കൻ കേരളത്തിലുള്ളവർക്ക് ബെംഗളൂരുവിൽ നിന്ന് വന്ദേ ഭാരത് യാത്ര സാധ്യമാകും.
ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് പരീക്ഷണയോട്ടം തുടങ്ങി
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കുമായി പരീക്ഷണം
ചുരം പാതയിൽ പ്രവർത്തിപ്പിക്കുന്നതിന് അത്യാവശ്യമായ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്ക് വന്ദേ ഭാരത് റേക്കിൽ ഘടിപ്പിച്ചിട്ടുണ്ട്. ചുരംമേഖലയിൽ കുത്തനെയുള്ള ചെരിവുകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇതുകൊണ്ടാണ് പ്രദേശത്ത് പ്രത്യേക പരീക്ഷണയോട്ടവും നടത്തുന്നത്. ഇന്ന് രാവിലെ രാവിലെ 6:42 നാണ് സകലേശ്പുർ സ്റ്റേഷനിൽ നിന്ന് ചുരത്തിൻ്റെ താഴത്തെ അറ്റത്തുള്ള സുബ്രഹ്മണ്യ റോഡിലേക്ക് വന്ദേ ഭാരത് പുറപ്പെട്ടത്. 10:55 ന് സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തി.
55 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിവിടെ. 57 തുരങ്കങ്ങളും 250 പാലങ്ങളും 108 വളവുകളും ഈ പാതയിലുണ്ട്. 20 കോച്ചുകളുള്ള വന്ദേഭാരത് തീവണ്ടിയാണ് സർവീസിന് തയ്യാറെടുക്കുന്നത്. തീവണ്ടി നേരത്തേ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറിയിരുന്നു. നിലവിൽ ബെംഗളൂരു – മംഗളൂരു തീവണ്ടികളുടെ യാത്രാസമയത്തേക്കാൾ ഒരു മണിക്കൂർ നേരത്തേ വന്ദേ ഭാരതിന് എത്താനാകുമെന്നാണ് പ്രതീക്ഷ.
സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനാണ് ചുരം പാതയിൽ പരീക്ഷണ ഓട്ടം നടത്തുന്നത്. ഓഗസ്റ്റ് 20 വരെ പരീക്ഷണ ഓട്ടം തുടരുമെന്നാണ് റിപ്പോർട്ട്. ചെന്നൈ ഐസിഎഫിൽ നിന്ന് കഴിഞ്ഞയാഴ്ചയാണ് കസ്റ്റം-ബിൽറ്റ് 20 കാറുകൾ ഉൾക്കൊള്ളുന്ന റേക്ക് മൈസൂരുവിൽ എത്തിയത്. ഓഗസ്റ്റ് 11 ന് മൈസൂരുവിൽ നടന്ന പ്രാഥമിക പരീക്ഷണങ്ങൾക്ക് ശേഷം, അതേ രാത്രി തന്നെ റേക്ക് സകലേഷ്പൂരിൽ എത്തിച്ചിരുന്നു.
റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഫീൽഡ് പരിശോധന നടത്തുന്നത്. ഉച്ചകഴിഞ്ഞും പരീക്ഷണങ്ങൾ തുടരുമെന്ന് മൈസൂരു ഡിആർഎം മുദിത് മിത്രൽ പറഞ്ഞു. പരീക്ഷണയോട്ടം വിജയിച്ചാൽ പാതയിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കും.
ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് മലയാളികൾക്കും പ്രയോജനകരം
നേരത്തെ ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ജൂണിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു റെയിൽവേ സഹമന്ത്രി വി സോമണ്ണ പറഞ്ഞിരുന്നത്. എന്നാൽ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് (എഇബി) സിസ്റ്റം ഘടിപ്പിച്ച റേക്ക് ഇല്ലാത്തതിനാൽ ഇത് നീണ്ടുപോവുകയായിരുന്നു. ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് റൂട്ടിൽ വന്ദേ ഭാരത് എത്തുകയാണെങ്കിൽ കാസർകോട്, കണ്ണൂർ ജില്ലകളലുള്ളവർക്കും അതിൻ്റെ പ്രയോജനം ലഭ്യമാകും. നിലവിൽ മംഗളൂരു – ബെംഗളൂരു ട്രെയിനുകളിൽ പോകുന്നവർക്ക് സമയലാഭം മുൻനിർത്തി ഈ സർവീസ് തെരഞ്ഞെടുക്കാനാകും.










Leave a Reply