റേഷൻ കാര്‍ഡ് അര്‍ഹതാ മാനദണ്ഡങ്ങളില്‍ മാറ്റം: 1100 ച. അടി വീടും 800 സി.സി കാറും ഉള്ളവര്‍ക്കും മുൻഗണന കാര്‍ഡിന് സാധ്യത

തിരുവനന്തപുരം:മുൻഗണന റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താൻ സർക്കാർ ആലോചന.ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള വാഹനങ്ങളുമുള്ള കുടുംബങ്ങള്‍ക്കും മുൻഗണന റേഷൻ കാർഡിന് അർഹത ലഭിച്ചേക്കും.നിലവില്‍ 2018-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടിയാണ് വീടിന്റെ പരിധി. കൂടാതെ, നാലുചക്ര വാഹനങ്ങള്‍ ഉള്ളവർ മുൻഗണനാ വിഭാഗത്തിന് പുറത്തായിരുന്നു.എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യത്തില്‍ നാലുചക്ര വാഹനം ഒരു ആഡംബരമല്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് 800 സി.സി വരെയുള്ള കാറുകള്‍ക്ക് ഇളവ് നല്‍കാൻ പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്കും ഇത് ആശ്വാസമാകും.കൂടാതെ, ഒരേക്കറിലധികം ഭൂമിയുള്ളവർക്ക് ഭൂമിയുടെ തരം അനുസരിച്ച്‌ പ്രത്യേക പരിഗണന ലഭിക്കും. ജനങ്ങളില്‍ നിന്നുള്ള വ്യാപകമായ ആവശ്യത്തെത്തുടർന്ന് ഭക്ഷ്യമന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ട് നിലവില്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.മറ്റ് ആനുകൂല്യങ്ങളും മുൻഗണന കാർഡുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ധനവകുപ്പിന്റെ വിശദമായ പരിശോധനയ്ക്കും അനുമതിക്കും ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക. സംസ്ഥാനത്ത് ആകെ അനുവദിക്കപ്പെട്ട ബി.പി.എല്‍ കാർഡുകളില്‍ 5,94,209 എണ്ണം അന്ത്യോദയ അന്നയോജനയും 37,73,184 എണ്ണം മുൻഗണന വിഭാഗത്തിലുള്ളതും ആണ്.സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പുതിയതായി 73,024 മുന്‍ഗണന കാര്‍ഡുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഇവർക്ക് അടുത്തമാസം മുതല്‍ സൗജന്യ റേഷന്‍ നല്‍കി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *