രാജപുരത്ത് ലഹരി മാഫിയകൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ എസ്.ഐ. സി. പ്രദീപ് കുമാർ വിരമിക്കുന്നു

രാജപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മാതൃകാപരമായ പോലീസ് സേവനത്തിന് ശേഷം രാജപുരം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. സി. പ്രദീപ് കുമാർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. ലഹരി മാഫിയകൾക്കും അനധികൃത ഓൺലൈൻ ലോട്ടറി സംഘങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

രാജപുരം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐ.യായി സേവനമനുഷ്ഠിച്ച കാലയളവിൽ കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഏറ്റവും സജീവമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു പ്രദീപ് കുമാർ. ഒരു വർഷത്തെ സേവനത്തിനിടെ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെയും ഓൺലൈൻ ലോട്ടറി വിൽപ്പനക്കാർക്കെതിരെയും കർശന നടപടികൾ സ്വീകരിച്ചു. രണ്ട് മാസത്തോളം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്.എച്ച്.ഒ.) താൽക്കാലിക ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

1993-ൽ കെ.എ.പി. നാലാം ബറ്റാലിയൻ വഴി പോലീസ് സേനയിൽ പ്രവേശിച്ച പ്രദീപ് കുമാർ 1995-ൽ ഡി.എച്ച്.ക്യുവിലെത്തി. ഡി.എച്ച്.ക്യു. എം.ടി., ഡി.പി.ഒ. കമ്പ്യൂട്ടർ സെൽ, സി-1 സെക്ഷൻ, ടെലികമ്മ്യൂണിക്കേഷൻ വിഭാഗം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം 2000-ൽ ലോക്കൽ പോലീസിലേക്ക് മാറി. ഹോസ്ദുർഗ്, മഞ്ചേശ്വരം, നീലേശ്വരം, വിജിലൻസ്, ട്രാഫിക്, വിദ്യാനഗർ, കോസ്റ്റൽ ബേക്കൽ, കാസർഗോഡ് ലോക്കൽ, ക്രൈംബ്രാഞ്ച് കാസർഗോഡ്, സി.ബി.ഐ. എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു.

2022-ൽ റെഗുലർ എസ്.ഐ.യായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം കോഴിക്കോട് ക്രൈംബ്രാഞ്ച്, വളപട്ടണം, ചന്തേര, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ച ശേഷമാണ് രാജപുരം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ.യായി ചുമതലയേറ്റത്.

കർശന നിയമപാലകനായിരുന്നെങ്കിലും ജനകീയ ഉദ്യോഗസ്ഥനെന്ന നിലയിലും പ്രദീപ് കുമാർ ശ്രദ്ധ നേടിയിരുന്നു. സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി.) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു.

ഔദ്യോഗിക ജീവിതത്തിനപ്പുറം കലാരംഗത്തും സജീവമായിരുന്ന പ്രദീപ് കുമാർ, 2018-19 കാലഘട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിലൂടെ ലഹരിവിരുദ്ധ നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി വേദികളിൽ ലഹരിവിരുദ്ധ നാടകങ്ങൾ അരങ്ങേറുകയും വിവിധ സ്കൂളുകളിലും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.

സേവനമികവ് പരിഗണിച്ച് 2017-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചു. 2011 മുതൽ 2016 വരെ കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു.

കാഞ്ഞങ്ങാട് സ്വദേശിയായ പ്രദീപ് കുമാറിന്റെ ഭാര്യ ശ്രീകല കെ.എസ്.ഇ.ബി. ഉപ്പള സെക്ഷനിലെ ജീവനക്കാരിയാണ്. ബി.ടെക് ബിരുദധാരിയായ മൃണാൾ സി. പ്രദീപും ബി.ബി.എ വിദ്യാർഥിയായ മിലിന്ത് സി. പ്രദീപുമാണ് മക്കൾ.

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രദീപ് കുമാറിന് സഹപ്രവർത്തകരും പൊതുജനങ്ങളും വിവിധ സംഘടനകളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പാണ് ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *