തൊഴിലാളികൾ ബസ് മാലിന്യം പുഴയിലേക്ക് എറിഞ്ഞു : മുതലാളിയെ കൊണ്ട് തിരിച്ചെടുപ്പിച്ച് നാട്ടുകാർ

 

മാലക്കല്ല് : തൊഴിലാളികൾ പുഴയിലേക്ക് എറിഞ്ഞ ബസ് മാലിന്യം മുതലാളിയെ കൊണ്ട് തിരിച്ചെടുപ്പിച്ച് നാട്ടുകാർ. പാണത്തൂർ – കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ തകർന്ന ഗ്ലാസിന്റെ ഭാഗങ്ങളാണ് പൂക്കയം പുഴയിലേക്ക് കഴിഞ്ഞ രാത്രി തൊഴിലാളികൾ വലിച്ചെറിഞ്ഞത്. നേരം പുലർന്നപ്പോൾ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഉന്നതിയിലെ നിവാസികളാണ് പുഴയിൽ മാലിന്യങ്ങൾ തള്ളിയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പരിശോധന നടത്തുമ്പോഴാണ് സ്വകാര്യ ബസ്സിന്റെ സ്റ്റിക്കർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് രാജപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം സബ് ഇൻസ്പെക്ടർ ബസ് മുതലാളിയെ വിളിച്ചു വരുത്തുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ബസ് ഉടമയെ കൊണ്ട് തന്നെ പുഴയിലേക്ക് വലിച്ചെറിഞ്ഞ മുഴുവൻ മാലിന്യങ്ങളും തിരികെ എടുപ്പിക്കുകയായിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇർഷാദ് അലിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *