പാണത്തൂർ: വായനാവാരാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്. പാണത്തൂരിൽ 5, 6, 7 ക്ലാസുകളിലെ ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ഹിന്ദി ശിൽപശാലയും വായനാദിന ക്വിസും സംഘടിപ്പിച്ചു. കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുക, ഭാഷാപഠനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, വീട്ടിൽ പഠനാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി.
അധ്യാപിക അഖിന സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് റോബിൻ സാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചർ ആശംസകൾ നേർന്നു. തുടർന്ന് ഹിന്ദി ഭാഷയിലെ അക്ഷരങ്ങൾ, പദങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ശിൽപശാല നടന്നു.
രക്ഷിതാക്കൾ ഏറെ ആവേശത്തോടെയും സജീവമായും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പഠനവും വിനോദവും ഒരുമിച്ചുചേർന്ന ഈ പ്രവർത്തനങ്ങൾ എല്ലാവർക്കും പുതിയ അനുഭവമായി മാറുകയും ഹിന്ദി ഭാഷയോടുള്ള താൽപര്യം വർധിപ്പിക്കുകയും ചെയ്തു.
തുടർന്ന് ക്വിസ് മാസ്റ്റർ മുജീബ് സാറിന്റെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടത്തി. മത്സരത്തിൽ രക്ഷിതാക്കളായ സുജിത, നിത്യ, ശ്യാമ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആകെ പതിനൊന്ന് രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭാഷാപഠനത്തിലും വായനാശീല വളർത്തുന്നതിലും ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. പരിപാടിയിൽ അധ്യാപിക മെറീന നന്ദി രേഖപ്പെടുത്തി












Leave a Reply