16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിക്കും. ജി സുധാകരന്‍ ഇന്നലെ ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

 

വെള്ളിയാഴ്ച സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെയുള്ള സഭാ നടപടികള്‍ പ്രോ ടേം സ്പീക്കറാവും നിയന്ത്രിക്കുക. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്.

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും ഇന്നലെ ധാരണയായി. മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. ക്രമസമാധാന നില വിലയിരുത്തും. രമേശ് ചെന്നിത്തല നേരിട്ട് യോഗത്തിനെത്തുമെന്നാണ് അറിയിച്ചത്. പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ ഡിജിപി വരെ പങ്കെടുക്കും. ക്രമസമാധാനം, മയക്കുമരുന്ന്, ഗുണ്ടാ ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ചയാകും. പൊലീസ് മര്‍ദനങ്ങളിലെ സര്‍ക്കാര്‍ നിലപാടും അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *