കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘം സഞ്ചരിച്ച ജീപ്പിൽ ലോറിയിടിച്ച് 2 സ്ത്രീകൾ മരിച്ചു

കൊല്ലൂർ: കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ പാലായിൽ നിന്നുള്ള സംഘം സഞ്ചരിച്ച ജീപ്പിൽ ലോറിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പാലാ മുണ്ടാങ്കൽപയപ്പാർപടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (45), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്.

ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), മകൻ ജ്യോതിസ് (42), ആര്യയുടെ നാല് വയസുകാരൻ മകൻ എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കുപറ്റിയവരെ കുന്ദപുര ആദർശ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

അപകടത്തിൽ മരിച്ച ജ്യോതി, ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കുന്ദപുര ആദർശ ഹോസ്പിറ്റൽ മോർച്ചറിയിൽ. കുന്ദപുരയ്ക്ക്‌ സമീപം ഞായർ ഉച്ച കഴിഞ്ഞാണ് അപകടം. മൂകാംബിക ദർശനം കഴിഞ്ഞ്  കുടജാദ്രി സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിച്ചാണ് അപകടം. ലോറി ഇടിച്ച് ജീപ്പ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ ഓടി രക്ഷപെട്ടു.

പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിംങ് ഏജൻസി ഏർപ്പെടുത്തിയ ആറ് ബസുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ്  മൂകാംബിക ക്ഷേത്ര ദർശനത്തിന് വിവിധ കരയോഗങ്ങളിൽ നിന്നു നിന്നുള്ള സംഘം യാത്ര തിരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിക്കും മുൻപ് യാത്രാസംഘത്തിലെ നാൽപ്പതോളംപേർ ഞായർ രാവിലെ അഞ്ച് ജീപ്പുകളിലാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *