അവയവക്കച്ചവടം: മുഖ്യപ്രതിയായ കാസർകോട് സ്വദേശിയും ഭാര്യയും അറസ്റ്റിൽ

ആലുവ: പോലീസിന്റെയടക്കം വ്യാജ രേഖകള്‍ നിർമിച്ച്‌ അനധികൃത അവയവദാന തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ഉത്തർപ്രദേശ് ഗാസിയാബാദില്‍നിന്ന് പിടികൂടി.

കുന്നത്തുനാട് പെരിങ്ങാലയില്‍ വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് കല്‍നാട് അല്‍ നിഹാമത്ത് മൻസിലില്‍ മുഹമ്മദ് നജീബി(53)നെയാണ് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കുന്നത്തുനാട് പെരിങ്ങാല ബൈത്തുല്‍റഹ്മ വീട്ടില്‍ റഷീദ(37)യെ കുന്നത്തുനാട് പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഗാസിയാബാദില്‍നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത് ഇയാള്‍ മുങ്ങുകയായിരുന്നു.കൊച്ചിയില്‍നിന്ന് പ്രതി വിമാന മാർഗം ഡല്‍ഹിയിലെത്തിയപ്പോള്‍ പിന്തുടർന്ന് പോലീസും എത്തി.

രാത്രി ഗാസിയാബാദിലേക്ക് കടന്ന ഇയാളെ ഇന്നലെ പുലർച്ചെ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് അന്വേഷസംഘം പിടികൂടിയത്.

തുടർന്ന് ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടില്‍ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടില്‍ സനോജ് (32) എന്നിവരെ എറണാകുളം റൂറല്‍ ജില്ലയിലും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തില്‍ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ കുന്നത്തുനാട് ഇൻസ്പെക്ടർ എസ്. ശിവലാല്‍, എസ്‌ഐ എം. അഭിജിത്ത്, എഎസ്‌ഐ യു. മുരളീധരൻ സിപിഒ ഒ.എസ്. ബിൻരാജ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *