കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ ദളിത് സംഘടനകൾ നടത്തുന്ന സംസ്ഥാനവ്യാപക ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്. എന്നാല്‍ നിതിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കെപിഎംഎസ് പ്രക്ഷോഭ രംഗത്ത് ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എ സനീഷ് കുമാര്‍ പറഞ്ഞു. കെപിഎംഎസിന്റെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ്. ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.












Leave a Reply