കള്ളാർ: മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും ഒരുപോലെ കൊണ്ടുപോകാം എന്ന് തെളിയിച്ച് പൊതുപരീക്ഷയിൽ ചരിത്രവിജയം കൈവരിച്ചിരിക്കുകയാണ് കള്ളാർ മിസ്ബാഹുൽ ഹുദാ മദ്രസ. ഈ വർഷം 5, 7, 10 ക്ലാസുകളിലായി പൊതുപരീക്ഷ എഴുതിയ 40 കുട്ടികളും മികച്ച നിലവാരം പുലർത്തി.
കള്ളാർ റേഞ്ചിൽ സ്കൂൾ സിലബസ് പിന്തുടരുന്ന ഏക മദ്രസ എന്ന പ്രത്യേകതയും ഈ സ്ഥാപനത്തിനുണ്ട്. രാവിലെ 7.15-ന് ആരംഭിക്കുന്ന മദ്രസ 8.45-നാണ് അവസാനിക്കുന്നത്. മദ്രസ സമയം കഴിഞ്ഞുമാത്രം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് പോകുന്ന രീതിയിലുള്ള അച്ചടക്കവും സമയനിഷ്ഠയുമാണ് ഇവിടുത്തെ വിജയത്തിന്റെ പ്രധാന ഘടകം. 155 കുട്ടികൾ പഠിക്കുന്ന മദ്രസയിൽ ഏഴ് ഉസ്താദുമാരാണ് സേവനമനുഷ്ഠിക്കുന്നത്.
വിജയവിശേഷങ്ങൾ:
അഞ്ചാം ക്ലാസ്: 8 വിദ്യാർത്ഥികൾ ‘ടോപ്പ് പ്ലസ്’ (Top Plus) നേടി.
ഏഴാം ക്ലാസ്: ഒരു കുട്ടിയൊഴികെ മറ്റെല്ലാവരും ‘ടോപ്പ് പ്ലസ്’ കരസ്ഥമാക്കി ഉജ്ജ്വല നേട്ടം കൈവരിച്ചു.
പത്താം ക്ലാസ്: 4 പേർ ‘ടോപ്പ് പ്ലസ്’ നേടി. ഇതിൽ മൂന്ന് കുട്ടികൾക്ക് ആകെ മാർക്കിൽ വെറും ഒരു മാർക്ക് മാത്രമാണ് നഷ്ടമായത്. പത്താം ക്ലാസിൽ പഠിക്കുന്ന മൂന്ന് പേർ ഈ വർഷം SSLC പരീക്ഷയും, രണ്ട് കുട്ടികൾ പ്ലസ് വൺ പരീക്ഷയും എഴുതിയവരാണ്. പ്ലസ് വൺ പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥി പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഒരു മാർക്ക് ഒഴികെ മുഴുവൻ മാർക്കും നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കി.
അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളെ ഉസ്താദ് ഷുഹൈബ് പണത്തൂരും, 7, 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ സദർ മുഅല്ലിം അബ്ദുസമദ് അശ്‌റഫിയുമാണ് പരീക്ഷയ്ക്ക് സജ്ജരാക്കിയത്. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി അഭിനന്ദിച്ചു.











Leave a Reply