കാണാതെ പോയ കെട്ടുതാലി ചെരുപ്പിനടിയിൽ; ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമസേന

ഉദുമ: കാണാതെ പോയ കെട്ടുതാലി ഉ‍‌ടമയ്ക്ക് തിരികെ നൽകി ഹരിതകർമസേനാം​ഗങ്ങൾ. ചെരിപ്പിൽ പറ്റിയ ബബിൾഗമ്മിൽ ഒട്ടിപ്പിടിച്ച് കിട്ടിയ ഒരുലക്ഷത്തിലധികം വിലവരുന്ന കെട്ടുതാലിയാണ് ഹരിതകർമസേനാം​ഗങ്ങളായ പള്ളിക്കര ചെർക്കാപ്പാറയിൽ മാലിന്യശേഖരണത്തിനിറങ്ങിയ സുജ വെളുത്തോളിയും സുനിത വെളുത്തോളിയുമാണ് ജിഷയ്ക്ക് തിരികെ നൽകിയത്.ചെർക്കാപ്പാറയിലെ കടയുടമ കനകയുടെ വീട്ടിലേക്ക് വിഷുവിന് മുൻപ് എണ്ണപ്പാറയിലെ ബന്ധുവായ ജിഷ വിരുന്ന്‌ വന്നിരുന്നു.
അന്ന് ജിഷയുടെ ഒരുപവന്റെ താലി കളഞ്ഞുപോയി. ഏറെനേരം തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ജിഷ സങ്കടത്തോടെ മടങ്ങി. ഈ മാസം മാലിന്യശേഖരണത്തിന്റെ ഭാഗമായി ഹരിതകർമസേന ചെരുപ്പുകൾ ശേഖരിച്ചു.കനകയുടെ വീട്ടിൽ നിന്നും ശേഖരിച്ച ചെരുപ്പുകളിൽ ഒന്നിൽ കെട്ടുതാലിയും പെടുകയായിരുന്നു.

ചെരിപ്പനടിയിലെ ബബിൾ​ഗമിലാണ് താലി ഒട്ടിപിടിച്ച് ഇരുന്നിരുന്നത്. ഉടനടി സുജയും സുനിതയും അപ്പുറത്തുണ്ടായിരുന്ന മറ്റൊരംഗം നാരായണിയെ സ്വർണത്താലി കിട്ടിയ വിവരമറിയിച്ചു. പിന്നാലെ സേനാം​ഗങ്ങളെല്ലാവരും കൂടി കനകയ്ക്ക്‌ താലി കൈമാറുകയും ചെയ്തു.വിവരമറിഞ്ഞെത്തിയ ജിഷ കെട്ടുതാലി സന്തോഷത്തോടെ ഏറ്റുവാങ്ങി വീണ്ടും മാലയിൽ കോർക്കുകയും ചെയ്തു.നഷ്ടപ്പെട്ടുവെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ചു തുടങ്ങുമ്പോഴാണ് അപ്രതീക്ഷതായി താലി തിരികെ ലഭിച്ചത്. ഇതിന്റെ സന്തോഷത്തിലാണ് ജിഷ.

Leave a Reply

Your email address will not be published. Required fields are marked *