തിരഞ്ഞെടുപ്പ് റാലിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആൾ പിടിയിൽ

 

ബന്തടുക്ക: ബന്തടുക്ക സ്കൂളിന് സമീപം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത മധ്യവയസ്കനെതിരെ ബേഡകം പോലീസ് കേസെടുത്തു. കരിവേടകം അണ്ണാപ്പടിയിലെ 54 – കാരനെതിരെയാണ് നടപടി സ്വീകരിച്ചത്.

ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് സംഭവം നടന്നത്. ബന്തടുക്ക സ്കൂളിന് മുൻവശം റോഡരികിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ, അജിത് കുമാർ മദ്യലഹരിയിൽ സ്വയം നിയന്ത്രിക്കാനാവാത്ത വിധം റാലിയിൽ പങ്കെടുത്തവർക്കും പൊതുജനങ്ങൾക്കും ശല്യമാകുന്ന രീതിയിൽ പെരുമാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്രോളിംഗിലായിരുന്ന ബേഡകം ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ.പിയും സംഘവുമാണ് ഇയാളെ തടഞ്ഞത്. തുടർന്ന് ബന്തടുക്ക താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു.

നിയമനടപടി സ്വീകരിച്ച ശേഷം ഇയാളെ ബന്ധുക്കളുടെ കൂടെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *