തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനൽ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തിൽ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സർക്കുലർ വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു.പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള അറിയിപ്പുകൾ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും സെക്രട്ടറി വ്യക്തമാക്കി. നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.












Leave a Reply