ചെറുവത്തൂർ: കേരള കാർഷിക സർവകലാശാലയും പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രവും സംയുക്തമായി നടത്തുന്ന ആർ.എ.ആർ.എസ് ഫാം കാർണിവലിന് ഞായറാഴ്ച തുടക്കമാകും. മാർച്ച് 8 വരെയാണ് കാർണിവൽ. ഗവേഷണ കേന്ദ്രത്തിൽ പുതുതായി സ്ഥാപിതമായ തിരുമുമ്പ് ഹെറിറ്റേജ് അഗ്രി ടൂറിസം സെന്ററിൽ നടക്കുന്ന കാർണിവൽ ഞായറാഴ്ച രാവിലെ 10 മണിക്ക് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. വൈസ് ചാൻസലർ ഡോക്ടർ ബി അശോക് മുഖ്യപ്രഭാഷണം നടത്തും.കർഷകർക്കും കർഷക വൃത്തിയിൽ പങ്കാളികളാകുന്നവർക്കും ആശയങ്ങൾ കൈമാറാനും, രംഗത്തെ പുതുമകൾ പ്രദർശിപ്പിക്കുന്നതിനും, പുതുതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുന്നതിനും കാർഷിക വിദ്യാഭ്യാസ-ഗവേഷണ സാധ്യതകളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതിനും, കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായിപങ്കുവെക്കുക എന്നിവയാണ് കാർണിവലിന്റെ ലക്ഷ്യങ്ങൾ. രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് കാർണിവൽ നടക്കുക. എല്ലാദിവസവും രാത്രി വിവിധ കലാപരിപാടികളും അരങ്ങേറും. വിവിധ ഉത്പന്ന – നടീൽ വസ്തുവിപണനവും കാർണിവലിൽ ഉണ്ടാവും.കാർഷിക സെമിനാറുകൾ, കൃഷിയിട പ്രദർശനം, വിവിധ വിളകളുടെ ബയോപാർക്ക്, ഹരിതവന യാത്ര,
പൈതൃക വിത്ത് മേള, അമ്യൂസ്മെന്റ് പാർക്ക്, ബട്ടർഫ്ളൈ ഗാർഡൻ,അലങ്കാരച്ചെടികളുടെ പ്രദർശനവും വിപണനവും,
വിവിധ സെൽഫി പോയിന്റുകൾ,ഏറുമാടം എന്നിവ കാർണിവലിൽ ഉണ്ടാവും.11 കാർഷിക ഗ്രൂപ്പുകളുടെ സ്റ്റാളുകളും സർക്കാർ ഏജൻസികളുടെ 11 സ്റ്റാളുകളും മറ്റു സ്റ്റാളുകളും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഡോ. ടി വനജ, പി കെ രതീഷ്, ഡോ. കെ വി സുമേഷ്, ഡോ. നിഷാലക്ഷ്മി,സാബു ജോസഫ്, എം ഗീത എന്നിവർ പങ്കെടുത്തു.
ആർഎആർഎസ് ഫാം കാർണിവൽ ഞായറാഴ്ച തുടങ്ങും












Leave a Reply