നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ പിന്തുണക്കുമെന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം സംഘടനയെ തകർക്കാനുള്ളത്. ആർ സൂര്യനാരായണ ഭട്ട് .

ബളാന്തോട് – ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തിയും, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണക്കുമെന്നുമുള്ള കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്തിയ പ്രസ്താവന ആത്മഹത്യാപരവും, പ്രതിഷേധാർഹവുമാണെന്നും വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ യൂണിറ്റുകളുടെ മുൻ പ്രസിഡണ്ടും, മുൻ ജില്ലാ കൗൺസിൽ അംഗവുമായ ആർ സൂര്യനാരായണ ഭട്ട് പ്രസ്താവനയിൽ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് പത്ര സമ്മേളനം നടത്തി പറഞ്ഞത് വ്യാപാരി സമൂഹത്തെ വഞ്ചിക്കലാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി വ്യാപാരികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. സംഘടന ഇതുവരെ ഒരു കക്ഷിയെയും പിന്തുണക്കാത്ത നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകുമെന്നുള്ള സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവന സംഘടനയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ടി നസിറുദീൻ്റെ ചരമവാർഷിക ദിനത്തിൽ തന്നെ സംസ്ഥാന പ്രസിഡൻ്റ് ഇത്തരം പ്രസ്ഥാവന നടത്തിയത് ഖേദകരമാണെന്നും സൂര്യനാരായണ ഭട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *