ബസിലെ സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല, പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു: ബസ് ജീവനക്കാര്‍

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബസ് ജീവനക്കാര്‍. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി.

 

വീഡിയോ കണ്ടപ്പോഴാണ് തങ്ങളുടെ ബസ് ആണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായൊന്നും കാണാന്‍ കഴിഞ്ഞില്ല. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.

തന്റെ മകൻ പാവമായിരുന്നുവെന്നും ആരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും വ്യക്തമാക്കി ദീപക്കിൻ്റെ അമ്മയും രംഗത്തെത്തിയിരുന്നു. ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ദീപക്കിൻ്റെ അമ്മ പറഞ്ഞിരുന്നു. ‘ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു’, അമ്മ പറഞ്ഞു. മകനെതിരെ ആരോപണം ഉന്നയിച്ച ഷിംജിതയെ പിടികൂടണമെന്നും എങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ അച്ഛന്‍ ചോയിയും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *