കരിക്കെ – പാണത്തൂർ – കല്ലപ്പള്ളി – സുള്ള്യ റോഡിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് പാണത്തൂർ ടൗണിൽ പ്രവേശനാനുമതി നൽകണം. നിവേദനം നൽകി .

പാണത്തൂർ: കരിക്കെ – പാണത്തൂർ – കല്ലപ്പള്ളി – സുള്ള്യ റോഡിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് പാണത്തൂർ ടൗണിൽ പ്രവേശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കരിക്കെ പഞ്ചായത്ത് പ്രസിഡണ്ട് എൻ ബാലചന്ദ്രൻ നായർ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥിന് നിവേദനം നൽകി. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് മുൻകാലങ്ങളിൽ പാണത്തൂർ ടൗണിൽ വില്ലേജ് ഓഫീസ് വരെ വന്നു പോകുന്നതിന് യാതൊരു വിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ല .എന്നാൽ കുറച്ചു മാസങ്ങളായി ചില പ്രാദേശിക പ്രശ്‌നങ്ങൾ കൊണ്ട് ഈ ബസ്സ് കരിക്കെയിൽ നിന്ന് സർവ്വീസ് നടത്തുമ്പോൾ പാണത്തൂർ ടൗണിൽ പ്രവേശിക്കാതെ പാണത്തൂർ പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് കല്ലപ്പള്ളി വഴി സുള്ള്യലേക്ക് പോകുന്നു. ഇത് കാരണം കരിക്കെയിൽ നിന്ന് വരുന്ന രോഗികളും, സത്രീകളും,കുട്ടികളും അടങ്ങുന്ന പൊതു ജനങ്ങൾ പാണത്തൂർ ഗവൺമെൻ്റ് ആശുപത്രിയിലേക്കും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുവാൻ വളരെയധികം ബുദ്ധിമുട്ടനുഭവപ്പെടുന്നു. തിരിച്ച് സുള്ള്യയിൽ നിന്നും കല്ലപ്പള്ളി വഴി കരിക്കെയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സ് പാണത്തൂർ ടൗണിൽ പ്രവേശിക്കാതെ പാണത്തൂർ പഴയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് ചെമ്പേരി വഴി കരിക്കെയിലേക്ക് പോകുന്നു. ഇതു കാരണം കല്ലപ്പള്ളിയിൽ നിന്ന് വരുന്ന രോഗികളും, സത്രീകളും, കുട്ടികളും അടങ്ങുന്ന പൊതുജനങ്ങൾ പാണത്തൂർ പഴയ ബസ്സ് സ്റ്റാൻ്റിൽ ഇറങ്ങി നടന്നുകൊണ്ടാണ് ഗവൺമെന്റ്റ് ആശുപത്രിയിലേക്കും, വില്ലേജ് ഓഫീസിലേക്കും, ബാങ്കുകളിലേക്കും, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നത്. അതുകൊണ്ട് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന സർവ്വീസ് ആയതിനാൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിച്ച് ഈ സ്വകാര്യ ബസ്സിന് കരിക്കെയിൽ നിന്ന് സുള്ള്യയിലേക്ക് സർവ്വീസ് നടത്തുമ്പോഴും, തിരിച്ച് സുള്ള്യൽ നിന്ന് കരിക്കെയിലേക്ക് സർവ്വീസ് നടത്തുമ്പോഴും പാണത്തൂർ ടൗണിൽ വില്ലേജ് ഓഫീസ് വരെ വന്നു പോകുവാനും ഉള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *