ആവേശത്തിരയിളക്കത്തിൽ ബേക്കൽ;ആവേശമായി ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ

കാസർകോട് ജില്ലയെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മുന്നേറുകയാണ്. ജില്ലയുടെ സാംസ്‌കാരിക മുഖച്ഛായ പുതുക്കിക്കൊണ്ട്, ബഹുജന പങ്കാളിത്തത്തോടെ ഫെസ്റ്റ് ജനഹൃദയങ്ങൾ കീഴടക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് ദിവസേന ബേക്കലിലേക്ക് ഒഴുകിയെത്തുന്നത്.
ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ ഒരുക്കിയ മിനി സരസ് മേളയും മികച്ച ജനശ്രദ്ധ നേടിക്കൊണ്ട് മുന്നേറുകയാണ്.

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ മൂന്നാം എഡിഷന്റെ ആറാം ദിനത്തിൽ നടന്ന സാംസ്‌കാരിക സായാഹ്നത്തിൽ പ്രശസ്ത നിരൂപകനും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി. രാജഗോപാലൻ മാസ്റ്റർ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി അധ്യക്ഷയായി. സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, സാംസ്‌കാരിക കമ്മിറ്റി ചെയർമാൻ കെ.ഇ.എ. ബക്കർ എന്നിവർ സംസാരിച്ചു. ഹാരിസ് തൊട്ടി സ്വാഗതവും മാധവ ബേക്കൽ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രശസ്ത ഗായിക ആര്യ ദയാൽ നയിച്ച മ്യൂസിക്കൽ നൈറ്റ് കാണികളുടെ മനസ്സ് കീഴടക്കി.

ഇന്ന് (ഡിസംബർ 27) വൈകുന്നേരം 6 ന് ചെറുകഥാകൃത്ത് വി.എം. മൃദുൽ സാംസ്‌കാരിക സായാഹ്നത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് രാത്രി സയനോര നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. രണ്ടാം വേദിയിൽ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികളും നടക്കും. ഭക്ഷ്യമേളയും വിവിധ വിനോദ പരിപാടികളും എല്ലാ ദിവസവും സജീവമാണ്. പ്രവേശനത്തിനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *