മംഗളൂരു: മംഗലാപുരം സർവകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 22 സ്വകാര്യ ബിരുദ കോളേജുകള്‍ അടച്ചു പൂട്ടാൻ തീരുമാനം.തിങ്കളാഴ്ച ചേർന്ന മംഗളൂരു സർവകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച അംഗീകാരം നല്‍കി. വൈസ് ചാൻസലർ പ്രൊഫ. പി.എല്‍. ധർമ്മയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ഈ കോളേജുകളില്‍ ഇതിനകം പ്രവേശനം നേടിയവരും നിലവില്‍ പഠനം തുടരുന്നവരുമായ വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള വിദ്യാർത്ഥികള്‍ക്ക് അവരുടെ കോഴ്‌സുകള്‍ പൂർത്തിയാക്കുന്നതുവരെ അക്കാദമിക് പ്രവർത്തനങ്ങള്‍ തുടരുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നല്‍കി.
അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങളും തടസ്സമില്ലാതെ നല്‍കാൻ കോളേജുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പ്രവേശനത്തിലെ ദീർഘകാല ഇടിവാണ് അടച്ചുപൂട്ടലിന് കാരണമെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി സ്വകാര്യ ബിരുദ കോളേജുകളില്‍ പ്രവേശനത്തില്‍ സ്ഥിരമായ ഇടിവ് ഉണ്ടായിട്ടുണ്ട്. കോളജുകള്‍ നടപ്പ് അധ്യയന വർഷത്തേക്കുള്ള അഫിലിയേഷൻ പുതുക്കലിന് അപേക്ഷിച്ചില്ല. മാനേജ്മെന്റുകള്‍ സ്വയം അടച്ചുപൂട്ടല്‍ നിർദ്ദേശങ്ങള്‍ സമർപ്പിച്ചു. 22 കോളേജുകള്‍ അടച്ചുപൂട്ടുന്നതോടെ, മംഗലാപുരം സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആകെ കോളേജുകളുടെ എണ്ണം 167 ആയി കുറയും.
ബാക്കിയുള്ള അഫിലിയേറ്റഡ് കോളജുകളില്‍ 109 സ്വകാര്യ കോളേജുകളും, 32 സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളജുകളും, ഒമ്ബത് സ്വയംഭരണ കോളജുകളും, 13 ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബിഎഡ്) കോളജുകളും, നാലെണ്ണം സർവകലാശാല നേരിട്ട് നടത്തുന്ന കോളേജുകളുമാണ്.
22 കോളേജുകള്‍ ഇവയാണ്:
ആബ വിമൻസ് ഫസ്റ്റ് ഗ്രേഡ് കോളേജ്, സൂറത്ത്കല്‍ അഞ്ജുമാൻ ഫസ്റ്റ് ഗ്രേഡ് കോളേജ്, മംഗളൂരു അമൃത കോളേജ്, പാടില്‍ സിലിക്കണ്‍ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്, കൊഞ്ചാടി മോഗ്ലിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജർമ്മൻ ലാംഗ്വേജ്, ബാല്‍മട്ട സർസ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, മംഗളൂരു റൊസാരിയോ കോളേജ് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ്, ബോളാർ കരാവലി കോളേജ് ഓഫ് എഡ്യൂക്കേഷൻ, മംഗളൂരു പ്രേമകാന്തി കോളേജ് ഓഫ് എഡ്യൂക്കേഷൻ, മംഗളൂരു സപിയന്റിയ ബഥനി ഫസ്റ്റ് ഗ്രേഡ് കോളേജ്, നെല്യാടി ശ്രീ ശാരദ വിമൻസ് കോളേജ് സുള്ള്യ,രാമകുഞ്ചേശ്വര കോളേജ് രാമകുഞ്ഞ, ഹസരാത്ത സയാദ് മദനി ബനാത വിമൻസ് കോളേജ്, ഉള്ളാള്, ഉള്ളാളിലെ സെൻ്റ് സെബാസ്റ്റ്യൻ കോളേജ് ഓഫ് കൊമേഴ്സ്, ബെല്‍ത്തങ്ങാടി സെൻ്റ് തോമസ് കോളേജ് മാർ ഇവാനിയോസ് കോളേജ്, കടബ മാധവ പൈ കോളേജ്, മണിപ്പാല്‍ മൂകാംബിക ഫസ്റ്റ് ഗ്രേഡ് കോളേജ്, ബൈന്ദൂർ വരസിദ്ധി വിനായക ഫസ്റ്റ് ഗ്രേഡ് കോളേജ് കുന്ദാപൂർ, ബി.ഡി ഷെട്ടി കോളേജ് ഓഫ് ബിസിനസ് മാനേജ്മെന്റ് ഉഡുപ്പി, വിദ്യാനികേതന ഫസ്റ്റ് ഗ്രേഡ് കോളേജ് കാപ്പ്, കൃഷ്ണഭായ് വാസുദേവ ഷേണായി മെമ്മോറിയല്‍ കോളേജ്, കാട്പാഡി












Leave a Reply