തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിക്ക് മരണമണി മുഴങ്ങുമ്പോൾ കേരളത്തിൽ ദുരിതത്തിലാകുക 22 ലക്ഷം കുടുംബങ്ങൾ. വർഷം 4000 കോടി രൂപയാണ് സംസ്ഥാനത്ത് പദ്ധതിയിൽ ചെലവഴിക്കുക.ഇതിൽ 3000 കോടി രൂപയിലധികവും കൂലിയനത്തിൽ നൽകുന്നതിലൂടെ തൊഴിലാളികളുടെ കൈയിലെത്തും. പദ്ധതി തകരുന്നതോടെ കുടുംബങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാകും.
2020–21 മുതല്‍ ഇതുവരെ 53.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിച്ചു.17,216.57 കോടി രൂപ വേതന ഇനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കി.ദേശീയതലത്തിൽ തന്നെ തൊഴിലുറപ്പുപദ്ധതിയിൽ കേരളം മാതൃകയായിരുന്നു. മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും 200 ദിവസത്തെ തൊഴില്‍ ദിനങ്ങൾക്കുള്ള തുക സംസ്ഥാന ബജറ്റില്‍ നീക്കിവച്ച് കേരള ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പാക്കി.സുഭിക്ഷകേരളം, ശുചിത്വകേരളം എന്നിവയുമായി തൊഴിലുറപ്പ് പദ്ധതിയെ ബന്ധിപ്പിച്ച് ഭൂവികസനം,ജലസേചനം, വര്‍ക്ക് ഷെഡ് നിര്‍മാണം, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, മത്സ്യക്കുളം നിര്‍മാണം, തീറ്റപ്പുല്‍ക്കൃഷി, കമ്പോസ്റ്റിങ് സംവിധാനം,മിനി എംസിഎഫ് തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കുന്നു.കേന്ദ്രം പദ്ധതിതുക വെട്ടിച്ചുരുക്കിയ സാഹചര്യത്തിലും കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിക്കുന്നത് കേരളത്തിൽ മാത്രം. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പദ്ധതി നിലച്ച മട്ടാണ്.
ഇടതുപക്ഷ പിന്തുണയോടെ 2004ൽ അധികാരത്തിൽ വന്ന ഐക്യപുരോഗമന മുന്നണി സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. രാജ്യത്താകെ അതിദാരിദ്ര്യവും പട്ടിണിയും പിടിമുറുക്കിയ കാലത്തായിരുന്നു ചരിത്രപരമായ നിയമനിർമാണം. ഇടതുപക്ഷ പാർടികൾ പാർലമെന്റിൽ ഏറ്റവും ശക്തമായ സാന്നിധ്യമായ 2004–2009 കാലത്തു തന്നെയാണ് തൊഴിലുറപ്പു നിയമത്തോളം തന്നെ പ്രാധാന്യമുള്ള വനാവകാശനിയമവും വിവരാകാശ നിയമവും നടപ്പാക്കിയത്. സർക്കാരിൽ ചേരാനുള്ള ക്ഷണം നിരസിച്ച് പുറമെ നിന്ന് പിന്തുണ നൽകുകയായിരുന്നു ഇടതുപക്ഷം.അന്ന് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ പിന്തുണയ്‌ക്കുന്ന പാർടികളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സ്‌റ്റിയറിങ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. സീതാറാം യെച്ചൂരിയായിരുന്നു സമിതിയിലെ സിപിഐ എം അംഗം. പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കുന്പോൾ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം പരിഹരിക്കാനുള്ള പദ്ധതിയാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ സീതാറാം യെച്ചൂരി ഇതിനെ ചോദ്യം ചെയ്‌തു.
ഗരീബി ഹഠാവോ അടക്കം എണ്ണമറ്റ പദ്ധതികൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പാക്കിയിട്ടുണ്ടെന്നും സാധാരണ നിലയ്‌ക്കുള്ള പദ്ധതികൊണ്ട് ഫലമുണ്ടാകില്ലെന്നും അദ്ദേഹം വാദിച്ചു. നിയമപരിരക്ഷയോടെയുള്ള ദാരിദ്ര്യനിർമാജന പദ്ധതിയിൽ തൊഴിൽ അവകാശമാക്കണമെന്നും ശക്തിയായി വാദിച്ചു. പ്രതിവർഷം നൂറു ദിവസമെങ്കിലും തൊഴിൽ അവകാശമാക്കുന്ന ബില്ലിന് രൂപംനൽകിയത് അങ്ങനെയാണ്.
ബിൽ പാർലമെന്റിൽ അവതരിപ്പച്ച ശേഷം അത് പരിഗണിച്ച സംയുക്ത പാർലമെന്ററി സമിതിയിൽ രാജ്യസഭാംഗമായിരുന്ന ബൃന്ദ കാരാട്ടിന്റെ ഇടപെടൽ നിർണായകമായി. സ്‌ത്രീകൾക്ക് പുരുഷന്മാരെക്കാൾ കുറഞ്ഞ കൂലിയായിരുന്നു വ്യവസ്ഥ ചെയ്‌തിരുന്നത്. സ്‌ത്രീക്കും പുരുഷനും തുല്യവേതനം നൽകണമെന്ന ബൃന്ദയുടെ നിർബന്ധബുദ്ധിയിൽ വ്യവസ്ഥയിൽ മാറ്റം വരുത്താൻ നിർബന്ധിതമായി.
ശക്തമായി എതിര്‍ത്ത് സിപിഐ എം
സിപിഐ എം ലോക്‌സഭാകക്ഷി നേതാവ് കെ രാധാകൃഷ്‌ണൻ, എംപിമാരായ അമ്രാറാം, സു വെങ്കടേശൻ എന്നിവർ കേന്ദ്രസർക്കാർ നീക്കത്തെ ശക്തമായി എതിർത്തു. 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണമെന്ന പുതിയ നിയമത്തിലെ വ്യവസ്ഥ പദ്ധതിയെ പൂർണമായും തകർക്കുമെന്ന് കെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാണിച്ചു. ഇൗ വ്യവസ്ഥ സംസ്ഥാനങ്ങൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ഭാരമുണ്ടാകും. പല സംസ്ഥാനങ്ങളും പദ്ധതിയിൽ നിന്നും പിന്നോട്ടുപോകുന്ന അവസ്ഥയുണ്ടാകും. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ദാരിദ്രനിർമാർജനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ കൂടി ഫലമാണ്. നഗരപ്രദേശങ്ങളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ കേരളത്തിന്റെ മാതൃക രാജ്യം സ്വീകരിക്കണം. 1948ൽ മഹാത്മാഗാന്ധിയെ വകവരുത്തിയ ശക്തികൾ ഇപ്പോൾ അദ്ദേഹത്തിന്റെ പേര് കൂടി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കുന്ന ജനദ്രോഹനിയമം പിൻവലിക്കണമെന്നും കെ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.












Leave a Reply