കറന്തക്കാട് : അടുത്തടുത്ത രണ്ട് വീടുകളിൽ പാചകവാതകം ചോർന്നുണ്ടായ തീപ്പിടിത്തത്തിൽ ഒരു വീട് പൂർണമായി കത്തിനശിച്ചു. കാസർകോട് നഗരസഭയിലെ അഞ്ചാംവാർഡായ കറന്തക്കാട്ടെ കൊളക്ക ബയലിലാണ് അപകടം.
പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ നിവാസാണ് പൂർണമായും കത്തി നശിച്ചത്. ഇതിനിടയിലാണ് ഒറ്റയ്ക്ക് താമസിക്കുന്ന രത്നാവതിയുടെ വീട്ടിലെ പാചകവാതക സിലിൻഡറും ചോർന്നത്. സമീപത്തുതന്നെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരുണ്ടായിരുന്നതിനാൽ തീപ്പിടിത്തം ഒഴിവാക്കാനായി.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ പുഷ്പയുടെ വീട്ടിൽ ഗ്യാസ് അടുപ്പിൽനിന്ന് തീ പടർന്നത്. നിമിഷനേരം കൊണ്ട് സമീപത്തുണ്ടായിരുന്ന തുണിയിലേക്ക് തീ പടരുകയും വീട് പൂർണമായും കത്തിനശിക്കുകയും ചെയ്തു. തീ പടരുന്നതിനിടയിൽ വീട്ടിനകത്തുണ്ടായിരുന്ന സ്ത്രീകൾ പുറത്തേക്ക് ഇറങ്ങി ഓടിയതിനെത്തുടർന്ന് ആളപായമുണ്ടായില്ല. അപകടവിവരമറിഞ്ഞ് സമീപവാസികളാണ് കാസർകോട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.












Leave a Reply