ജില്ലയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കാസർകോട്:
ജില്ലയിൽ
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.കാസർകോട് ഗവ.കോളേജ്, കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കണ്ടറി സ്‌കൂൾ, ബിഎആർ ഹയർ സെക്കണ്ടറി സ്‌കൂൾ ബോവിക്കാനം, കുമ്പള ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ,പടന്നക്കാട് നെഹ്റു ആർട്‌സ് ആന്റ് സയൻസ് കോളേജ്,പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, ഹൊസ്‌ദുർഗ് ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ൾ, രാജാസ് ഹയർ സെക്കണ്ടറി സ്കൂ‌ൾ നീലേശ്വരം എന്നീ കേന്ദ്രങ്ങളിൽ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്.
പോളിംഗ് ഉദ്യോഗസ്ഥർക്കായി 207 ബസുകളും 111 മിനി ബസുകളും 69 ട്രാവലറുകളും 32 ലൈറ്റ് മോട്ടോർ വെഹിക്കിളുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

എല്ലാ പോളിംഗ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായി ജില്ലാ ഇലക്ഷൻ വിഭാഗം അറിയിച്ചു.
ഇതിനുപുറമേ ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം,എല്ലാ ബൂത്തുകളിലും കുടിവെള്ള സൗകര്യവും ലൈറ്റ് തുടങ്ങിയ അസൗകര്യങ്ങൾ നിലനിൽക്കുന്നിടത്ത് പോളിംഗ് ബൂത്ത് പരിസരത്തടക്കം അധിക ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അഗ്നിരക്ഷശമനസേനയുടെയും പോലീസ് സേനയുടെയും സേവനങ്ങളും ലഭ്യമാക്കും. പ്രശ്നബാധിത ബൂത്തുകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുടെ അടക്കം പ്രത്യേക ശ്രദ്ധ എത്തിച്ചേരുന്നത് വിധത്തിലുള്ള മോണിറ്ററിംഗ് സിസ്റ്റം പ്രവർത്തിക്കും. ആറുമണിക്ക് ശേഷം വോട്ട് ചെയ്യുന്നതിന് നിലവിൽ എത്തിച്ചേർന്നവർക്ക് മാത്രമായിരിക്കും അവസരം.വോട്ട് രേഖപ്പെടുത്താനെത്തുന്ന വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച എട്ട് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
വോട്ടിംഗ് സുഗമമാക്കുന്നതിനും വ്യാജ വോട്ടുകൾ തടയുന്നതിനും വേണ്ടിയാണ് കമ്മീഷൻ ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡ് അതല്ലെങ്കിൽ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം. കൂടാതെ, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറ് മാസം മുമ്പ് നൽകിയ ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന താൽക്കാലിക ഐഡി കാർഡ്, എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ്.

ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്കായി കാസർകോട് ജില്ലയിൽ 2885 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ജില്ലാ പഞ്ചായത്തിൽ 62 സ്ഥാനാർത്ഥികളും ആറു ബ്ലോക്ക് പഞ്ചായത്തുകളിലായി 293 പേരും 38 ഗ്രാമ പഞ്ചായത്തുകളിലേക്ക് 2167 സ്ഥാനാർത്ഥികളും ജനവിധി തേടുന്നു.
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലേക്ക് 333 പേരാണ് മത്സരരംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *