രാത്രിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് നശിപ്പിച്ച നഗരസഭ കൗൺസിലർക്കെതിരെ കേസ്

നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിലെ 22 -ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഭാരതിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ഫ്ളക്സ് ബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ എടുത്തുകൊണ്ടുപോയ സംഭവത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ചേടീറോഡിലെ എന്‍.വി.രാജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
കോണ്‍ഗ്രസ് 22 -ാം വാര്‍ഡ് കമ്മറ്റി പ്രസിഡണ്ട് ഉപ്പിലിക്കൈയിലെ ചാപ്പയില്‍ പ്രസാദിന്‍റെ പരാതിയിലാണ് എന്‍.വി.രാജനും പുതുക്കൈയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ പ്രകാശനുമെതിരെ കേസെടുത്തത്. രണ്ട് ദിവസം മുമ്പ് ചേടീറോഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.പി.രാമന്‍റെ മതിലില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് നിമിഷങ്ങള്‍ക്കകം കാണാതായത്. സംശയം തോന്നിയ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ നടത്തിയപ്പോള്‍ രാജന്‍റെ കടയ്ക്കുള്ളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ടെത്തി. യുഡിഎഫ് പ്രവര്‍ത്തകരെ കണ്ടപ്പോള്‍ രാജനും പ്രകാശനും ഓടി രക്ഷപ്പെട്ടു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ചേടീറോഡിലും പരിസരത്തും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് ബോര്‍ഡുകള്‍ മോഷ്ടിച്ചതിന് പിന്നിലെന്ന് പ്രസാദ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *