തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ എറണാകുളം ജില്ലയ്ക്കും ഓറഞ്ച് അലേർട്ടാണ്. അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇന്ന് തുലാവർഷം എത്തുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 19- ഓടെ അറബിക്കടലിൽ ന്യൂനമർദം പ്രതീക്ഷിക്കുന്നുണ്ടെന്നും കേരളം-തെക്കൻ കർണാടകതീരത്തിനടുത്താണ് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
*ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
*ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.












Leave a Reply