
ഒടയഞ്ചാൽ: സര്‍വ്വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയഞ്ചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക ലോകത്ത് വികസിത രാജ്യങ്ങളില്‍ മധ്യ വരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് നവ കേരള സൃഷ്ടി.നവമ്പര്‍ ഒന്നിന് കേരളം ലോക ഭൂപടത്തില്‍ കേരളം പ്രത്യേക സ്ഥാനം നേടും.ലോകത്ത് അത്യപൂര്‍വം രാജ്യങ്ങള്‍ മാത്രം കൈവരിച്ച അതി ദാരിദ്ര്യമുക്തം എന്ന ലക്ഷ്യത്തിലേക്ക് കേരളം നവമ്പര്‍ ഒന്നിന് എത്തിച്ചേരും.കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തും കാസര്‍കോട് ജില്ലയും അതി ദാരിദ്യമുക്തം ലക്ഷ്യത്തിലേക്ക് എത്തി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഒടയംചാലില്‍ പണികഴിപ്പിച്ചിരിക്കുന്ന ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്.എട്ട് കോടി രൂപ ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച 43 കടമുറികളോടുകൂടിയതാണ് ഷോപ്പിംഗ് കോംപ്ലക്സ്. കാസര്‍കോട്ടെ നാല് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന കേന്ദ്രമാണ് ഒടയംചാല്‍.ഇവിടെ ഇത്തരത്തിലൊരു പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഈ പ്രദേശത്തിന്റെ വികസനത്തിനും സമീപ പ്രദേശങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപകാരപ്പെടുന്നതാവും ഇത് എന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ലാണ് ഇവിടെ ഇത്തരമൊരു പദ്ധതിക്ക് തറക്കല്ലിട്ടത്. ഇടയ്ക്ക് കോവിഡ് അടക്കമുള്ള പ്രതിസന്ധികളുണ്ടായി ഇപ്പോള്‍ അതിനെയെല്ലാം അതിജീവിച്ച് ഷോപ്പിംഗ് കോംപ്ലക്സ് കം ബസ്റ്റാന്റിന്റെ ഒന്നാംഘട്ട പണി പൂര്‍ത്തീകരിച്ചിരിക്കുകയാണ്.ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല, പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കുന്നതാവും ഈ പദ്ധതി.
വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും ഏറ്റെടുക്കുകയാണ്. അതിന്റെ നിരവധി ദൃഷ്ടാന്തങ്ങള്‍ ഈ പ്രദേശത്തുതന്നെ കാണാനാകും. കോടോത്ത് ഗവണ്മെന്റ് ഐ ടി ഐക്കായി ആറ് കോടി രൂപയുടെ കെട്ടിടം നിര്‍മ്മിച്ചതും ഒടയംചാല്‍- പരപ്പ – വെള്ളരിക്കുണ്ട് റോഡ് 23 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ചതും എല്ലാം നിങ്ങളുടെയൊക്കെ അറിവിലുള്ള കാര്യമാണ്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചിലവില്‍ ഉദയപുരം- തൂങ്ങല്‍ റോഡ് നിര്‍മ്മിക്കുകയാണ്. തട്ടുമ്മല്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കെല്ലാം വീട് ലഭിച്ച പഞ്ചായത്താണ് കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്.അതോടൊപ്പംതന്നെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഈ പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും വിജയത്തിലേക്കെത്തിയത് ഏവരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്.അതിനിയും തുടരാന്‍ നമുക്ക് കഴിയണം.അടിസ്ഥാന സൗകര്യ വികസന രംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷംകൊണ്ട് കേരളത്തിലുണ്ടായത്. കിഫ്ബിയിലൂടെ മാത്രം തൊണ്ണൂറായിരം കോടിയിലധികം രൂപയുടെ നിക്ഷേപം അടിസ്ഥാന സൗകര്യ വികസന രംഗത്ത് നടത്തിയിട്ടുണ്ട്. അവയെല്ലാം കാര്യക്ഷമമായി നടപ്പാകാന്‍ കാരണം സംസ്ഥാനം സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. അതിനുപുറമേയാണ് പ്രാദേശിക തലത്തിലുള്ള ഇത്തരം പദ്ധതികളും നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്, ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ടി സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്, കോടോം ബേളൂര്‍ സമിതി അധ്യക്ഷന്മാരായ കെ. ഷൈലജ, പി. ഗോപാലകൃഷ്ണന്, എന്‍.എസ് ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി ശ്രീലത, പഞ്ചായത്ത് അംഗം ജിനി ബിനോയ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ യു. ഉണ്ണികൃഷ്ണൻ, ലേബര്‍ ഫെഡ് ചെയര്മാന് എ.സി മാത്യു, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ യു. തമ്പാന് നായര്‍, സൗമ്യ വേണുഗോപാല്‍, സി. കുഞ്ഞിക്കണ്ണന്, വി.കെ തങ്കമ്മ, മീനാക്ഷി പത്മനാഭന്, മുന്‍ എം.എല്‍.എ എം. കുമാരന്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ഒക്ളാവ് കൃഷ്ണന്, എം. കുമാരന് , മുസ്തഫ തായന്നൂര്‍ , സാജു ജോസ്, സുബൈര്‍ പടുപ്പ് , പി.പി. രാജു , വി.വി. കൃഷ്ണന്, സി.കെ. നാസര്‍ , സണ്ണി അരമന , പി.ടി. നന്ദകുമാര്‍, വി.കെ. രമേശന്, എച്ച്. ലക്ഷ്മണ ഭട്ട് വ്യാപാര-വ്യവസായ പ്രതിനിധികളായ ലിജോ പി. ജോര്‍ജ് നന്ദു കുമാര്‍, സിനു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്രീജ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ജി വിപിന്‍ നന്ദിയും പറഞ്ഞു.












Leave a Reply