കുമ്പള∙ ദേശീയപാത 66–ലെ കുമ്പള ആരിക്കാടിയിൽ മാനദണ്ഡം പാലിക്കാതെ ദേശീയപാത അതോറിറ്റി അധികൃതർ ടോൾ പ്ലാസ സ്ഥാപിക്കുകയാണെന്ന് ആരോപിച്ച് ആക‍്ഷൻ കമ്മിറ്റി നടത്തിയ ജനകീയ മാർച്ച് പൊലീസ് തടഞ്ഞു.ആക‍്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറിലേറെയാളുകൾ പങ്കെടുത്തു. ടോൾ പ്ലാസയുടെ നിർമാണ പ്രവൃത്തി പൊലീസിന്റെ സംരക്ഷണയിൽ തുടരുകയാണ്. 60 ദിവസത്തിനുള്ളിൽ നിർമാണം തീർക്കണമെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ നിർമാണ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെറിയ പ്രവൃത്തികൾ നടക്കുകയാണ്.

ടോൾ പ്ലാസ നിർമിക്കുന്നതിനു അനുകൂലമായ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ നൽകിയ ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേൾക്കാനായി നാളത്തേക്കു മാറ്റിയതായി ആക‍്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ അഷ്റഫ് കരള അറിയിച്ചു. ഇന്നലെ കുമ്പള ടൗണിൽനിന്ന് ആരിക്കാടിയിൽ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.













Leave a Reply