വിജയ്‌യുടെ മധുര മാനാടിന് തുടക്കം; ആവേശത്തിരയിളക്കി തമിഴക വെട്രി കഴകം പ്രവര്‍ത്തകര്‍

മധുര: വിജയ്‌യുടെ ടിവികെ പാർട്ടിയുടെ മധുര മാനാടിന് തുടക്കം. ആവേശത്തിരയിളക്കി ആയിരക്കണക്കിന് തമിഴക വെട്രി കഴകം പ്രവര്‍ത്തകരാണ് പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന മധുര ജില്ലയിലെ പരപതിയിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നത്. ടിവികെയും പ്രത്യയശാസ്ത്ര മുഖമായ നേതാക്കളുടെ ഛായാചിത്രങ്ങളിൽ വിജയ് പുഷ്പാർച്ചന നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ടിവികെ പ്രസി‍ഡൻ്റ് കൂടിയായ വിജയ് പാർട്ടി പതാക ഉയർത്തി. തുടർന്ന് വേദിയിലിരുന്ന നേതാക്കൾ പാർട്ടി പ്രതിജ്ഞ ചൊല്ലിയതോടെ സമ്മേളനത്തിന് പ്രൗഢ​ഗംഭീര തുടക്കമായി.

മധുര ജില്ലയിലെ പരപതിയിൽ നടക്കുന്ന വിജയ്‌യുടെ പാർട്ടിയുടെ രണ്ടാം സംസ്ഥാനതല സമ്മേളനത്തിൽ തമിഴക വെട്രി കഴകം (ടിവികെ) ജനറൽ സെക്രട്ടറി എൻ ആനന്ദും ടിവികെയിൽ ചേരാൻ സ്വമേധയാ വിരമിച്ച മുൻ ഐആർഎസ് ഉദ്യോഗസ്ഥനും പാർട്ടിയുടെ പ്രചാരണ-നയ സെക്രട്ടറിയുമായ കെ ജി അരുൺരാജ് എന്നിവരും പ്രവർത്തകരെയും ആരാധകരെയും അഭിസംബോധന ചെയ്തു. കുടുംബവാഴ്ചയുടെ രാഷ്ട്രീയത്തെയും അഴിമതിയെയും വിമർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനമാണ് ടിവികെയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ആധവ് അർജുൻ ഉന്നയിച്ചത്. തമിഴ്‌നാട് വാണിജ്യ നികുതി മന്ത്രിയും മധുര ഈസ്റ്റ് എംഎൽഎയുമായ പി മൂർത്തി സമ്മേളനം സംഘടിപ്പിക്കുന്നതിൽ ടിവികെക്ക് നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചുവെന്നും ആധവ് അ‍ർജുൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *