പിലിക്കോട്: ആയുഷ് സ്ഥപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കായകല്പ പുരസ്കാരത്തിന് മികച്ച സ്ഥാപനത്തിനുള്ള സംസ്ഥന പുരസ്കാരത്തിന് പിലിക്കോട് ആയുർവേദ ഡിസ്പെൻസറി അർഹമായി.സ്ഥാപനത്തിലെ സേവനത്തിന്റെ ഗുണനിലവാരം, അടിസ്ഥാന സൗകര്യ വികസനം,ഭൗതിക സാഹചര്യങ്ങളുടെ ശുചിത്വം എന്നിവയെ വിലയിരുത്തിയാണ് കായകല്പ പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 2024-25 വർഷത്തെ കായകല്പ പുരസ്കാര പ്രഖ്യാപനം പിലിക്കോട് ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമായി മാറി. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും പിലിക്കോട് ആയുർവേദ ഡിസ്പെൻസറിയും കായകല്പ പുരസ്കാരങ്ങൾ നേടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ഏക ഗ്രാമപഞ്ചായത്തായി മാറിയിരിക്കുകയാണ് പിലിക്കോട് .
ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികൾ ഉൾപ്പെടുത്തി ആരോഗ്യമേഖലയിൽ നടപ്പിലാക്കുന്ന നിരവധിയായ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരനേട്ടം.പിലിക്കോട് ആയുർവേദ ഡിസ്പെൻസറിയിൽ ഒ.പി സേവനങ്ങൾക്ക് പുറമേ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.ആയുർവേദ ഡോക്ടറുടെ സേവനം വീടുകളിൽ ലഭ്യമാക്കി കൊണ്ടുള്ള പാലിയേറ്റീവ് പരിചരണം,സൗജന്യ യോഗ പരിശീലനം, “ഹർഷം” എന്ന പദ്ധതിയിലൂടെ മാനസികാരോഗ്യ ഇടപെടൽ എന്നിവയെല്ലാം പിലിക്കോട് ആയുർവേദ ഡിസ്പെൻസറി വഴി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളാണ്.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതിലൂടെ സ്ഥാപനം കൂടുതൽ ജനസൗഹൃദമായി മാറി.റവന്യൂ വകുപ്പിൽ നിന്നും 40 സെൻ്റ് സ്ഥലം ആശുപത്രി കെട്ടിടത്തിന് ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്.ദേശീയതലത്തിലുള്ള
NABH പുരസ്കാരവും പിലിക്കോട് ആയുർവേദ ആശുപത്രി നേടിയിരുന്നു.
പൊതുജനാരോഗ്യ മേഖലയിൽ വ്യത്യസ്തമായ ഇടപെടലുകൾ നടത്തുന്ന ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കായകല്പ പുരസ്കാരം.സ്ഥാപനത്തിൻറെ ഭൗതിക സാഹചര്യത്തിൽ വരുത്തിയ മാറ്റം,കാസർഗോഡ് വികസന പാക്കേജിലും പഞ്ചായത്ത് പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടം പ്രവർത്തന ഗുണമേന്മ വർദ്ധിപ്പിക്കുന്നതിൽ ഏറെ സഹായകരമായി.
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മേഖലകളിൽ നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളും പുരസ്കാര നേട്ടങ്ങൾക്ക് കാരണമായി.വയോജന മേഖലയിൽ നടത്തുന്ന സ്നേഹക്കൂട് വയോജനസംഗമം,പാലിയേറ്റീവ് പരിചരണം,സൗജന്യ ഫിസിയോതെറാപ്പി സേവനം എന്നിവ പ്രത്യേകം എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്.കൗമാര ആരോഗ്യ മേഖലയിലും മാതൃ -ശിശു സംരക്ഷണ പ്രവർത്തനങ്ങളിലും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.പ്രവർത്തനങ്ങളുടെ ഗുണനിലവാരങ്ങൾക്കുള്ള ദേശീയ പുരസ്കാരമായ NQAS പുരസ്കാരത്തിനും ഈ വർഷം ഓലാട്ട് കുടുംബാരോഗ്യകേന്ദ്രം അർഹമായി.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ആരോഗ്യ സുസ്ഥിതി ഉറപ്പുവരുത്തലാണ് യഥാർത്ഥ വികസനം എന്ന കാഴ്ചപ്പാട് ഉൾക്കൊണ്ടുക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ഭരണ സമിതി നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനകത്തെ പൊതുജനാരോഗ്യമേഖലയിലെ രണ്ട് സ്ഥാപനങ്ങളെ ഈ അംഗീകാരങ്ങൾക്ക് അർഹമാക്കിയത്.












Leave a Reply