പാലക്കാട്:നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. പാലക്കാട് ജംഗ്ഷനിൽ നിന്നും കാസർകോട്ടേക്ക് അൺറിസർവ്ഡ് വൺവേ മെമു സ്പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തുക.വിദ്യാർഥികളുടെ തിരക്ക് പരിഗണിച്ച് അധിക സർവീസ് നടത്തുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാലക്കാട് ഡിവിഷൻ പുറത്തിറക്കി.
എട്ട് കോച്ചുകളുള്ള സ്പെഷ്യൽ മെമു
എട്ട് കാറുകളുള്ള (8-Car MEMU) മെമു ട്രെയിനാണ് പരീക്ഷാ ദിനത്തിൽ വിദ്യാർഥികൾക്കായി സർവീസ് നടത്തുന്നത്. 2026 ജൂൺ 21
ഞായറാഴ്ചയാണ് ഈ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൺവേ സർവീസായതിനാൽ പാലക്കാട് നിന്ന് കാസർകോട്ടേക്ക് മാത്രമായിരിക്കും ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുകയെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
സമയക്രമവും സ്റ്റോപ്പുകളും
സ്പെഷ്യൽ ട്രെയിൻ (വണ്ടി നമ്പർ 06131) ജൂൺ 21 ഞായറാഴ്ച രാവിലെ 05.50-ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും.
അന്ന് രാവിലെ 11.30-ന് ഈ ട്രെയിൻ കാസർകോട് എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സമയബന്ധിതമായി എത്തിച്ചേരാൻ ഈ സർവീസ് ഉപകരിക്കും.
ട്രെയിനിന് വിവിധ സ്റ്റേഷനുകളിൽ അനുവദിച്ചിട്ടുള്ള സമയക്രമം താഴെ പറയുന്നതാണ്: ഒറ്റപ്പാലം (06.15/06.16), ഷൊർണൂർ ജംഗ്ഷൻ (06.35/06.40), പട്ടാമ്പി (06.54/06.55), കുറ്റിപ്പുറം (07.13/07.14), തിരൂർ (07.27/07.28), പരപ്പനങ്ങാടി (07.41/07.42), കോഴിക്കോട് (08.10/08.15), കൊയിലാണ്ടി (08.37/08.38), വടകര (08.54/08.55), തലശ്ശേരി (09.17/09.18), കണ്ണൂർ (09.55/10.00), പഴയങ്ങാടി (10.17/10.18), പയ്യന്നൂർ (10.28/10.29), ചെറുവത്തൂർ (10.44/10.45), കാഞ്ഞങ്ങാട് (10.59/11.00) എന്നീ സമയങ്ങളിലായിരിക്കും ട്രെയിൻ സ്റ്റോപ്പുകളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുക.












Leave a Reply