അമ്പലത്തറ: വർഷങ്ങളായി മലയോര മേഖലയിലെ കായിക പ്രേമികളും യുവതാരങ്ങളും മനസിൽ സൂക്ഷിച്ചിരുന്ന വലിയൊരു സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് ചിറകുവീശിയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ആധുനിക നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഗ്രാമപഞ്ചായത്ത് 1.5 കോടി രൂപ മാറ്റിവെച്ചതോടെയാണ് പദ്ധതിക്ക് പുതിയ ജീവൻ ലഭിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ രൂപരേഖയും നിർമ്മാണ പദ്ധതിയും അന്തിമമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിങ്ങിലെയും കെട്ടിട വിഭാഗത്തിലെയും ഉദ്യോഗസ്ഥർ തട്ടുമ്മലിലെ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച് സാങ്കേതിക പരിശോധനകളും വിലയിരുത്തലുകളും നടത്തി. റിപ്പോർട്ട് ലഭിക്കുന്നതോടെ അന്തിമ ബ്ലൂപ്രിന്റ് തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
മലയോര മേഖലയിൽ നിന്നുള്ള നിരവധി കായിക പ്രതിഭകൾ സംസ്ഥാന-ദേശീയ തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മികച്ച പരിശീലന സൗകര്യങ്ങളുടെ അഭാവം വർഷങ്ങളായി വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് തട്ടുമ്മൽ സ്റ്റേഡിയം പ്രദേശത്തിന്റെ കായിക ചരിത്രത്തിൽ പുതിയ അധ്യായം തുറക്കാൻ ഒരുങ്ങുന്നത്.












Leave a Reply