നീലേശ്വരം:വീട്ടിലേക്ക് കല്ലെറിയുകയും വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർക്കുകയും ചെയ്തതായി പരാതി. കാട്ടിപ്പൊയിൽ മേലാഞ്ചേരിയിലെ പ്രഭാകരന്റെ മകൻ എം.പി. ഷാജിയുടെ വീട്ടിനുനേരെയാണ് ഞായറാഴ്ച രാത്രി അജ്ഞാതരുടെ ആക്രമണമുണ്ടായതെന്നാണ് പരാതി.
രാത്രി 10.15നും 10.45നും ഇടയിലായിരുന്നു സംഭവം നടന്നതെന്ന് ഷാജി നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പുറത്തുനിന്ന് അസ്വാഭാവിക ശബ്ദം കേട്ട് ലൈറ്റ് ഓൺ ചെയ്ത് പരിശോധിച്ചപ്പോൾ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എൽ 60 എ 9681 നമ്പർ ആൾട്ടോ കാറിന്റെ ചില്ല് അടിച്ച് തകർത്ത ശേഷം ബിരിക്കുളം ഭാഗത്തേക്ക് അതിവേഗം രക്ഷപ്പെടുന്നതാണ് കണ്ടതെന്ന് പരാതിയിൽ പറയുന്നു.
കാട്ടിപ്പൊയിൽ പള്ളത്ത് ഫർണിച്ചർ വർക്ക്‌ഷോപ്പ് നടത്തുന്ന ഷാജി, തനിക്കാരുമായും പറയത്തക്ക വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും സംഭവത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ ശ്രീകുമാറിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചെങ്കിലും പലതും പ്രവർത്തനരഹിതമായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.











Leave a Reply