മേൽപ്പറമ്പിൽ 16കാരി പീഡനത്തിനിരയായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: മേൽപ്പറമ്പിൽ 16കാരി പീഡനത്തിനിരയായ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അമ്മയുടെ സുഹൃത്തായ 25കാരി സ്‌നേഹ മെർളിൻ പലതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു വർഷത്തോളം വീട്ടിൽ താമസിച്ചിരുന്ന കാലയളവിലാണ് പീഡനം നടന്നതെന്നാണ് മൊഴി.

അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തുപോലും പീഡനം നടന്നതായി പെൺകുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു. കണ്ണൂർ ജയിലിൽ വച്ചാണ് പെൺകുട്ടിയുടെ അമ്മയും സ്‌നേഹയും പരിചയപ്പെട്ടത്. ലഹരി വിൽപ്പന കേസിൽ പ്രതിയായിരുന്ന അമ്മയും, മറ്റൊരു പോക്‌സോ കേസിൽ പ്രതിയായിരുന്ന സ്‌നേഹയും അന്ന് ജയിലിലുണ്ടായിരുന്നുവെന്നാണ് വിവരം.

ഇതിനുമുമ്പ് ഇതേ 16കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അച്ഛൻ പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിലാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാരോപിച്ച് അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പെൺകുട്ടിയെ നീലേശ്വരത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ കൗൺസിലിംഗിനിടെയാണ് അച്ഛനു പുറമെ സ്‌നേഹയും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നത്.

നിലവിൽ പ്രതിയായ സ്‌നേഹ മെർളിൻ ഒളിവിലാണെന്നും, ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മുമ്പ് കണ്ണൂരിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച പോക്‌സോ കേസിലും സ്‌നേഹ പ്രതിയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *