ഹോസ്ദുർഗ്ഗ് – പാണത്തൂർ റോഡ് നിർമ്മാണം: പുരോഗതി വിലയിരുത്തി കാഞ്ഞങ്ങാട് എം.എൽ.എ .

 

പാണത്തൂർ: രണ്ട് വർഷത്തിലധികമായി നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന ഹോസ്ദുർഗ്ഗ് – പാണത്തൂർ (എച്ച്.പി.) സംസ്ഥാന പാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പദ്ധതി പ്രദേശം സന്ദർശിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ അദ്ദേഹം നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നൽകി.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗങ്ങളിലാണ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയത്. നിലവിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) എൻജിനീയറിങ് വിഭാഗവുമായി എം.എൽ.എ. വിശദമായ ചർച്ച നടത്തുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
കാലവർഷം ശക്തമായതോടെ മലയോര മേഖലയിലെ പ്രധാന പാതയായ എച്ച്.പി. റോഡിൻ്റെ നവീകരണ പ്രവൃത്തികൾ പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഡ്രൈനേജ് സംവിധാനങ്ങൾ താറുമാറായ നിലയിലാണ്. എം.എൽ.എ. നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെട്ട ചിറങ്കടവ് സ്കൂൾ പരിസരം, ഡാം സൈറ്റിന് സമീപം, മാവുങ്കാൽ ബസ് സ്റ്റോപ്പ്, ബളാന്തോട് ടൗൺ, പനത്തടി പട്ടികവർഗ്ഗ സൊസൈറ്റിയുടെ മുൻഭാഗം, കോളിച്ചാൽ സെൻ്റ് ജോസഫ്സ് ചർച്ച് പരിസരം, മാലക്കല്ല് മലനാട് സൊസൈറ്റിക്ക് മുൻവശം, മുണ്ടോട്ട് പാലം, രാജപുരം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെ ഡ്രൈനേജ് പ്രവൃത്തികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ അദ്ദേഹം കെ.ആർ.എഫ്.ബി.ക്ക് നിർദ്ദേശം നൽകി. ഇതോടൊപ്പം, യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നതും റോഡ് വികസനത്തിന് തടസ്സവുമായ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് എം.എ.എ. ആയി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഗോവിന്ദൻ പള്ളിക്കാപ്പിൽ മലയോര മേഖലയായ പാണത്തൂരിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. രഘുനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രീയ അജിത്, പഞ്ചായത്ത് അംഗം മോഹൻദാസ്, പനത്തടി പഞ്ചായത്ത് സംസ്ഥാന പാത മോണിറ്ററിങ് കമ്മിറ്റി കൺവീനർ എം.വി. കൃഷ്ണൻ, സാമൂഹിക-രാഷ്ട്രീയ നേതാക്കളായ പി.ജി. മോഹനൻ, സുനിൽ മാടക്കാൽ, പ്രതാപൻ ചിറങ്കടവ്, സുകുമാരൻ പുളിക്കല്ല്, മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി. അനിൽകുമാർ എന്നിവരും എം.എ.എ.യോടൊപ്പം ഉണ്ടായിരുന്നു. കൂടാതെ സെന്ട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബു താഹിർ, കെ.യു. കൃഷ്ണകുമാർ, ജി. ഷാജിലാൽ, കെ.ആർ.എഫ്.ബി. അസിസ്റ്റൻ്റ് എൻജിനീയർ മധു വെള്ളിക്കോത്ത്, പ്രൊജക്ട് എൻജിനീയർ ബിജോയ്, കരാർ കമ്പനി പ്രതിനിധികൾ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
സാങ്കേതിക തടസ്സങ്ങളും എസ്റ്റിമേറ്റിലെ പരിമിതികളും കാരണം വഴിമുട്ടിയ സംസ്ഥാന പാത വികസനം, ആധുനിക സാങ്കേതിക സാധ്യതകളുടെ സഹായത്തോടെ വേഗത്തിലാക്കാൻ പുതിയ എം.എൽ.എ.യുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകണമെന്ന് മലനാട് വികസന സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. മലയോര മേഖലയുടെ വികസനത്തിനും ജനങ്ങളുടെ ആഗ്രഹങ്ങൾക്കുമൊപ്പം എപ്പോഴും താനുണ്ടാകുമെന്ന് എം.എൽ.എ. സമിതിക്ക് ഉറപ്പുനൽകി. ജനാഭിലാഷം മാനിച്ചുകൊണ്ട് മലനാട് വികസന സമിതി മുന്നോട്ടുവെച്ച വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ എം.എൽ.എ.യുടെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.

Leave a Reply

Your email address will not be published. Required fields are marked *