ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

നീലേശ്വരം: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ മാണിയാട്ടെ മസ്ജിദിന്നു സമീപത്തെ ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഷോപ്പുടമയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിഖിൽ, അനൂപ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ചന്തേര പോലീസ് കേസ് എടുത്തത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ ബാർബർ ഷോപ്പിൽ അതിക്രമിച്ച് കയറി കടയുടെ ബോർഡ് തകർക്കുകയും കടയ്ക്കുള്ളിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഏകദേശം 15,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഷോപ്പിൽ മുടി മുറിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നുണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബാർബർ തൊഴിലാളിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *