കുടുംബശ്രീയിലെ കരാർ ജീവനക്കാരുടെ നിയമനം മരവിപ്പിച്ചു;2624 ജീവനക്കാർ വഴിയാധാരമാകും

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന–-ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുടെ ഉത്തരവ്‌. മെയ് 31-ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരുവർഷത്തെ കരാർ ഏപ്രിൽ, മെയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയാണ്‌ അപ്രതീക്ഷിത നടപടി.

തെരഞ്ഞെടുപ്പു ഫലം വന്നയുടൻ, മുതിർന്ന മുസ്ലിംലീഗ്‌ നേതാവിന്റെ പിഎയുടെ നിർദേശത്തിലാണ്‌ ഉത്തരവ്‌.കുടുംബശ്രീയിൽ സംസ്ഥാന,ജില്ലാ മിഷനുകളിൽ കോ–ഓർഡിനേറ്റർ, അസിസ്റ്റന്റ്‌ കോ–ഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്‌.
154 ജില്ലാ പ്രോഗ്രാം മാനേജർമാർ, 608 ബ്ലോക്ക്‌ കോ–ഓർഡിനേറ്റർമാർ, 1070 സിഡിഎസ്‌ അക്ക‍ൗണ്ടന്റ്‌, 45 സിറ്റി മിഷൻ മാനേജർ, 45 സോഷ്യൽ ഡവലപ്‌മെന്റ്‌ സ്‌പെഷ്യലിസ്‌റ്റ്‌, 535 കമ്യൂണിറ്റി ക‍ൗൺസിലർ, 28 ജില്ലാ അക്ക‍ൗണ്ടന്റ്‌, 43 എസ്‌വിഇപി ജില്ലാ അക്ക‍ൗണ്ടന്റുമാർ, 59 സംസ്ഥാന മിഷനിൽ മാനേജർ, പിആർ ടീം 3, അട്ടപ്പാടി പദ്ധതി 9, ട്രൈബൽ സ്‌പെഷൽ പ്രോജക്‌ട്‌ 17, എട്ട്‌ മറ്റുളളവർ എന്നിങ്ങനെ 2624 പേരാണ്‌ കരാർ ജീവനക്കാരായുള്ളത്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരുൾപെടെയുള്ളവർ ഇതിലുണ്ട്‌. പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്‌തുവരുന്നവർ കൂട്ടത്തിലുണ്ട്‌. കുടുംബശ്രീയെ ചലിപ്പിക്കുന്നതിൽ ഇവർക്ക്‌ പ്രധാന പങ്കുണ്ട്‌.

കരാർ ജീവനക്കാരുടെ നിയമനം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നിർത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ്‌ ആറിന്‌ നടപടികളിലേക്ക്‌ കടക്കാൻ ജില്ലാ മിഷനുകൾക്ക്‌ സംസ്ഥാന മിഷൻ നിർദേശം നൽകിയിരുന്നു. മെയ്‌ ഏഴിനാണ്‌ പുതിയ ഉത്തരവു വന്നത്‌.

ജൂൺ ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനുമാണ്‌ നിർദേശം. വേതനത്തിലുപരി, അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ്‌ കരാർ ജീവനക്കാർ.
യുഡിഎഫ്‌ അധികാരത്തിൽ വരുമെന്ന്‌ വ്യക്തമായതോടെ കുടുംബശ്രീ ജീവനക്കാരുടെ കക്ഷിരാഷ്‌ട്രീയം തിരിച്ച്‌ കണക്കെടുക്കാൻ ലീഗ്‌ നിർദേശം നൽകിയിരുന്നതായാണ്‌ വിവരം. സർക്കാർ വരുംമുന്പേ ഉദ്യോഗസ്ഥരിൽ സമ്മർദംചെലുത്തി കുടുംബശ്രീയെ തകർക്കാനാണ്‌ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *