എം എൽ എ സന്ദീപ് വാര്യർ ജയിച്ചതിൻറെ പോസ്റ്റർ സ്റ്റാറ്റസ് ഇട്ടതിന് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ ബൈക്ക് തടഞ്ഞു നിർത്തി തലക്കടിച്ചു പരിക്കേൽപ്പിച്ചു.

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ നിയുക്ത എം എൽ എ സന്ദീപ് വാര്യർ ജയിച്ചതിൻറെ പോസ്റ്റർ സ്റ്റാറ്റസ് ഇട്ടതിന് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഒരു സംഘം സി. പി. എം പ്രവർത്തകർ ബൈക്ക് തടഞ്ഞു നിർത്തി തലക്കടിച്ചു പരിക്കേൽപ്പിച്ചു. പടന്ന വടക്കേക്കാട്ടിലെ കൽപ്പണിക്കാരൻ കെ.പി ബാബുവിന് (46) നേരെയാണ് ഇരുളിന്റെ മറവിൽ ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടര മണിയോടെ സുഹൃത്ത് ഭാസ്‌ക്കരനെ വീട്ടിൽ ഇറക്കി വടക്കേക്കാട്ടിലെ വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ തെക്കേക്കാട് ജംഗ്‌ഷന്‌ സമീപം ബൈക്ക് തടഞ്ഞു നിർത്തിയാണ് ഒരു സംഘം കമ്പിപ്പാര കൊണ്ട് ആക്രമിച്ചത് .അടിയേറ്റ് ബാബുവിന്റെ മുൻവരിയിലെ പല്ല് ഇളകിയിട്ടുണ്ട്. പരിക്കേറ്റ ബാബുവിനെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ സി പി എമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു ബാബു. പിന്നീട് പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല. തിരഞ്ഞെടുപ്പിൽ സന്ദീപ് വാര്യരുടെയും പയ്യന്നൂരിലെ പി കുഞ്ഞികൃഷ്ണന്റെയും പോസ്റ്ററുകൾ ബാബു സ്റ്റാറ്റസ് ഇട്ടിരുന്നു.അതാണ് പാർട്ടി പ്രവർത്തകരെ പ്രകോപിച്ചത്. നേരത്തെ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടും പദ്ധതികൾ നടപ്പിലാക്കാത്ത കേരള സർക്കാരിനെതിരെയുള്ള വിമർശനം സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ ഭീഷണി ഉണ്ടായിരുന്നുവെന്ന് ബാബു പറയുന്നു. കെ.രവി, പി.വി രതീഷ്, കെ വി രാജേഷ്, സച്ചിൻ, ആർ.വിനു തുടങ്ങി എട്ടോളം പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് ബാബു പൊലീസിൽ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *