പൂടംങ്കല്ല് -ചിറങ്കടവ് – പാണത്തൂർ റോഡ് പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കും

പാണത്തൂർ: പൂടംങ്കല്ല് – ചിറങ്കടവ് – പാണത്തൂർ റോഡിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടക്കുന്ന റോഡ് പ്രവർത്തി വേഗത്തിൽ തീർക്കാൻ ജനപ്രതിനിധികളുടെയും പഞ്ചായത്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ നിർദ്ദേശിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽ എ വിളിച്ചു ചേർത്ത യോഗത്തിൽ കെ ആർ എഫ് ബി എക്സികുട്ടീവ് എഞ്ചിനിയർ സിജെ കൃഷ്ണൻ , അസി എക്സികുട്ടീവ് എഞ്ചിനിയർ ജയദീപ് , അസിസ്റ്റൻ്റ് എഞ്ചിനിയർ മധുസൂ ദനൻ എന്നിവരെ കൂടാതെ കരാർ ഏറ്റെടുത്ത ഷാഫി കുദ്രോളി, കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം സൈമൺ ,പനത്തടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ജെ ജയിംസ് , പനത്തടി പഞ്ചായത്ത് ആക്ഷൻ കമ്മിറ്റി ചെയർപേർസണും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ പ്രസന്ന പ്രസാദ് , കൺവീനർ എം.വി.കൃഷ്ണൻ , ആർ സൂര്യനാരായണ ഭട്ട് , എം കുമാരൻ എക്സ് എം എൽ എ , പി.ജി മോഹനൻ , തോമസ് എം.എം , രാഘവൻ കപ്പള്ളി എന്നിവർ പങ്കെടുത്തു.
റോഡ് പ്രവൃത്തി വളരെ മന്ദഗതിയാലാണ് നീങ്ങുന്നത് എന്നും ആവശ്യത്തിന് തൊഴിലാളികൾ ഇല്ല എന്നും ചർച്ചയിൽ പങ്കെടുത്തവർ സൂചിപ്പിച്ചു. കരാർ കാലാവധി ആയ 2026 മാർച്ച് 31 നകം എല്ലാ പ്രവർത്തികളും പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
അധികം തൊഴിലാളികളെ നിയമിച്ച് ബളാംതോട് ഡ്രയിനേജ് മാർച്ച്‌ 25 നകവും രാജപുരം ഡ്രയിനേജ് മാർച്ച്‌ 31 നകവും പൂർത്തികരിക്കാനും ബളാംതോട് പള്ളിയുടെ അടുത്തുള്ള ബോക്സ്‌ കൾവേർട്ട് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാനും തീരുമാനിച്ചു . യുദ്ധ സാഹചര്യത്തിൽ ടാർ ലഭിക്കുന്നതിൻ്റെ പ്രയാസം കരാറുകാരൻ സൂചിപ്പിച്ചു . 17-ാം തീയ്യതിയോടെ രണ്ട് ലോഡ് ടാർ ലഭിക്കുമെന്നും ടാറിംഗ് പ്രവർത്തികൾ ബുധനാഴ്ച്ച തുടങ്ങി , ടാർ മുടങ്ങാതെ ലഭിക്കുന്ന മുറക്ക് രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ ഡി ബി എം പ്രവർത്തികൾ പൂർത്തിയാക്കുമെന്നും കരാറുകാരൻ അഭിപ്രായപ്പെട്ടു. ഡി ബി എം പ്രവർത്തികൾ മാർച്ച് 31നകം പൂർത്തീകരിക്കാൻ കഴിയുമെന്നും കരാറുകാരൻ ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *