ടെഹ്റാൻ/ടെല്‍ അവീവ്: തെഹ്റാന്: ഇറാന് നേരെ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറ് കടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ പലയിടങ്ങളും സ്ഫോടനം നടന്നു. അതിനിടെ ഇറാനില്‍ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചു. അമിര്‍ നാസിര്‍ സദാ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. റെവല്യൂഷണറി ഗാര്‍ഡ്സ് ജനറല്‍ മാജിദ് എബ്നെല്‍റേസയാണ് പ്രതിരോധ മന്ത്രിയായി നിയമിച്ചിരിക്കുന്നത്.അതിനിടെ ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം നടന്നു. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് സമീപമാണ് സംഭവം. കപ്പലിന് തീപിടിച്ചതായാണ് വിവരം. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ പതിനാറ് പേര് ഇന്ത്യക്കാരാണ്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്കുമായി പോകുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.
അതേസമയം ഇറാനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വധിച്ചുവെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം രംഗത്തെത്തി. സയ്യിദ് യഹ്യ ഹമീദി, ജലാല്‍ പൂര് ഹുസൈന് എന്നിവരെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഇന്റലിജന്‍സ് ഡെപ്യൂട്ടി മിനിസ്റ്ററാണ് സയ്യിദ് യഹ്യ ഹമീദി. ജലാല്‍ പൂര് ഹുസൈന് ഇറാന്റെ ചാരവൃത്തി വിഭാഗത്തിന്റെ തലവനാണ്. തെഹ്റാനിലെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇരുവരെ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.












Leave a Reply