കുടിവെള്ളം ലഭ്യമാക്കാൻ ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഒരുങ്ങുന്നു.

ചെമ്മനാട്: സാധാരണക്കാരുടെ കുടുംബ ബജറ്റിൽ വിള്ളലുണ്ടാക്കാതെ ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ കോലാംകുന്നിൽ സ്ഥാപിച്ച ‘എക്കോ ഫ്രണ്ട്‌ലി അക്വമിനറൽ വാട്ടർ’ പ്ലാന്റ് പ്രവർത്തനസജ്ജമായി. ഒന്നരക്കോടി രൂപ ചെലവഴിച്ച് ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് നിർവഹിച്ചു.

പ്രകൃതിവിഭവങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ പദ്ധതി. ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ ക്വാറിയിലെ ജലം ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് വിതരണത്തിന് എത്തിക്കുന്നത്. ക്വാറിയുടെ ഒരു വശം കോൺക്രീറ്റ് ചെയ്ത് ഉയർത്തി സംരക്ഷിച്ചാണ് ജലസംഭരണിയാക്കിയത്. 78 ലക്ഷം ലിറ്റർ, 68,000 ലിറ്റർ എന്നിങ്ങനെ രണ്ട് കൂറ്റൻ സംഭരണികളാണ് ഇവിടെയുള്ളത്. 68 ലക്ഷം രൂപയുടെ അത്യാധുനിക മെഷിനറികളാണ് ശുദ്ധീകരണത്തിനായി സ്ഥാപിച്ചിരിക്കുന്നത്.

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെ 8 അംഗങ്ങൾക്കാണ് പ്ലാന്റിൽ നേരിട്ട് ജോലി ലഭിക്കുന്നത്. കുടുംബശ്രീ സ്വന്തമായി വാങ്ങിയ 15 സെന്റ് ഭൂമിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നതിനായി രണ്ട് വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഡി. ഹരിദാസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ മിനി ശശികുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ജിതിൻ കെ.ടി എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ സ്വാഗതവും ഭവിഷ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *