കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മിനി സരസ് മേളയ്ക്ക് ബേക്കൽ ബീച്ച് പാർക്കിൽ തുടക്കമായി. സി .എച്ച് കുഞ്ഞമ്പുഎം.എൽ എ മേള ഉദ്ഘാടനം ചെയ്തു. ബേക്കൽ ബീച്ചിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ 8000 ചതുരശ്രയടി ഉയരത്തിലുള്ള പവലിയനിൽ ഒരേ സമയം 250 പേർക്ക് ഭക്ഷണം കഴിക്കാവുന്നതിനുള്ള സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. തലശ്ശേരി ദം ബിരിയാണി,ഹൈദരാബാദ് ബിരിയാണി, ആന്ധ്ര ക്ഷത്രിയ ബിരിയാണി, വിവിധ തരം റൊട്ടികൾ, കോഴിക്കോട് നോമ്പ് തുറ വിഭവങ്ങൾ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്റ്റാളുകൾ മേളയുടെ ഭാഗമാകും. കരകൗശലങ്ങൾ, തുണിത്തരങ്ങൾ, വിവിധ ഉൽപന്നങ്ങൾ, ഭക്ഷ്യ വിഭവങ്ങളുടെ 17 സ്റ്റാളുകൾ എന്നിവ സരസ് മേളയുടെ ഭാഗമാകും. കുടുംബശ്രീയുടെ വിശ്വാസവും, സ്വീകാര്യതയും ആണ് കാലോചിതമായ മാറ്റങ്ങളോടെ കുടുംബശ്രീയെ ആധികാരികമാക്കുന്നതെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. ഡിസംബർ 20 മുതൽ 31 വരെയായി സംഘടിപ്പിക്കുന്ന മിനി സരസ് മേളയുടെ ഭാഗമായി വിവിധ സെമിനാറുകൾ, കലാപരിപാടികൾ അരങ്ങേറും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കുടുംബശ്രീ ചെയർപേഴ്സൺമാരായ സുനിത, സനുജ,റീന, രത്ന, സുമതി, സൂര്യ ജാനകി, സുജിനി ,ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ ജിതിൻ, ഷീബ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എ.ഡി.എം.സി ഡി ഹരിദാസ് സ്വാഗതവും ആതിര നന്ദിയും പറഞ്ഞു.
കുടുംബശ്രീ മിനി സരസ് മേളയ്ക്ക് ബേക്കൽ ബീച്ച് പാർക്കിൽ തുടക്കമായി.












Leave a Reply