ഈ വർഷവും കലോത്സവത്തിന് ഭക്ഷണം ഒരുക്കുന്നത് രാമചന്ദ്ര വാര്യരുടെ നേതൃത്വത്തിലുള്ള സംഘം.


ഒടയംചാൽ – ഹോസ്ദുർഗ്ഗ് ഉപജില്ലാ സ്കൂൾ കലോത്സവം നാളെ മുതൽ അഞ്ച് ദിവസങ്ങളിലായി കോടോത്ത് അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോൽസവത്തിൽ 312 ഇനങ്ങളിലായി 3882 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. 28, 29 തീയതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും. 29 ന് 3 മണിക്ക് ഇ ചന്ദ്രശേഖരൻ എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്യും. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയാവും. എഴുത്തുകാരൻ ഡി വിനയചന്ദ്രൻ സ്മരണിക പ്രകാശനം ചെയ്യും. 30, 31, 1 തീയതികളിലായി 11 വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക.
സ്കൂൾ കലോത്സവത്തിന് എത്തുന്ന ആയിരങ്ങൾക്ക് ഇത്തവണയും ഭക്ഷണമൊരുക്കുക പെരുതടി രാമചന്ദ്രൻ വാര്യരുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും. കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഉൾപ്പെടെ ഇവിടെയെത്തുന്ന മുഴുവനാളുകൾക്കും ഭക്ഷണം നൽകുന്നതിനാണ് സംഘാടകർ തീരുമാനിച്ചിട്ടുള്ളത്. തുടർച്ചയായി രണ്ടാം വർഷമാണ് രാമചന്ദ്ര വാര്യർ സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. കഴിഞ്ഞവർഷം മാലക്കല്ല് വച്ച് നടന്ന സബ് ജില്ലാ കലോൽസവത്തിലും ഭക്ഷണം ഒരുക്കിയത് രാമചന്ദ്ര വാര്യരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമായിരുന്നു. 25 വർഷമായി ഭക്ഷണപാചക രംഗത്തുള്ള രാമചന്ദ്രൻ വാര്യർ ജില്ലയിലെ അറിയപ്പെടുന്ന പാചക വിദഗ്ധനാണ്. നിരവധി ക്ഷേത്ര ഉത്സവങ്ങളിലും, തെയ്യം കെട്ട് തുടങ്ങിയ ആഘോഷ പരിപാടികളിലും, വിവാഹം തുടങ്ങിയ മറ്റു പരിപാടികളിലും ഭക്ഷണം തയ്യാറാക്കി നൽകാറുണ്ട്. പച്ചക്കറികൾ ഉപയോഗിച്ച് 45 ഓളം കറികൾ ഉണ്ടാക്കുവാനും 20 ൽ പരം പായസങ്ങൾ ഉണ്ടാക്കുവാനും ഇദ്ദേഹം വിദഗ്ദനാണ്. കടകളിൽ നിന്നു വാങ്ങുന്ന കറിപ്പൊടികളും മറ്റു മസാലക്കൂട്ടുകളും ഒഴിവാക്കിക്കൊണ്ട്, സ്വന്തമായി ഉണ്ടാക്കുന്ന കറിക്കൂട്ടുകൾ ഉപയോഗിച്ചാണ് ഇദ്ദേഹം കറികൾ തയ്യാറാക്കുന്നത്. ആയിരങ്ങൾ പങ്കെടുക്കുന്ന കാഞ്ഞങ്ങാട് ശ്രീ മാരിയമ്മൻകോവിൽ നവരാത്രി ഉൽസവം, പാണത്തൂർ മഞ്ഞടുക്കം ശ്രീ തുടർവനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം, ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം, അജാനൂർ പൂരോൽത്സവം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഉൽസവാഘോഷങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുന്നത് ഇദ്ദേഹമാണ്. കൂടാതെ ആവശ്യക്കാർക്ക് ഹോളിക, ലഡു, കേസരി തുടങ്ങിയ മധുര പലഹാരങ്ങൾ ഉണ്ടാക്കി നൽകാറുമുണ്ട്. ബന്തടുക്ക ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കഴകക്കാരനായ രാമചന്ദ്ര വാര്യർ പനത്തടി പഞ്ചായത്തിലെ പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *