കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിരല്‍ത്തുമ്പില്‍; പ്രചരണ ഫ്ളാഷ് മോബ് പ്രയാണം തുടങ്ങി

കാഞ്ഞങ്ങാട്: ഉപ്പേരി മുതല്‍ കറിമസാലകള്‍ വരെ വിരല്‍തുമ്പില്‍ ലഭ്യമാക്കിക്കൊണ്ട് ഓണം വിപണിയില്‍ പുതിയ ചുവടുവയ്ക്കുകയാണ് കുടുംബശ്രീ. ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ ഇനിയെല്ലാം വീട്ടിലിരുന്ന് വാങ്ങാം. ഓണത്തിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗിഫ്റ്റ് ഹാംപറുകളും ആപ്പില്‍ തയാറായിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ആയിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാര്‍ട്ടിന്‍ ലഭ്യമാവുക. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ നൂറിലധികം ഉത്പന്നങ്ങളും ആപ്പിലൂടെ വാങ്ങാനാകും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനത്ത് എവിടെനിന്നും ആപ്പികൂടെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രചരണ ഫ്ളാഷ് മോബ് മണ്ഡലം എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡി ഹരിദാസ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ കെ സുജിനി, സൂര്യജാനകി, രാജന്‍ കെ.പൊയിനാച്ചി, ബിനീഷ് ജോയ്, എസ് മനു, ടിപി ആതിര, കെ നിമിഷ, കെ രുഗ്മണി, ടി.വി ശ്രീവിദ്യ പങ്കെടുത്തു. ജില്ലയിലെ 21 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 21ന് കാലിക്കടവില്‍ സമാപിക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.രതീഷ്‌കുമാര്‍ പറഞ്ഞു. പടന്ന രംഗശ്രീ ടീമംഗങ്ങളാണ് ഫ്ളാഷ് മോബില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *