വീടിനു സമീപത്തെ തോട്ടിലേക്ക് തുണിയലക്കാന്‍ പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമാണെന്ന് സംശയം

പുത്തൂര്‍: വീടിനു സമീപത്തെ തോട്ടിലേക്ക് തുണിയലക്കാന്‍ പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, കാനക്കോടിയിലെ രാമണ്ണ ഗൗഡയുടെ ഭാര്യ മമത(35)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ജോലിക്കു പോയ സമയത്താണ് മമത തുണിയലക്കാന്‍ പോയത്. ഭര്‍ത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ മമതയെ വീട്ടില്‍ കണ്ടില്ല. രാവിലെ മാറ്റി വച്ച വസ്ത്രങ്ങളും മറ്റും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുണിയലക്കാന്‍ പോയതായിരിക്കുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് തോട്ടരുകിലേക്ക് പോയി നോക്കിയപ്പോൾ തുണികള്‍ തോട്ടുവക്കില്‍ വച്ച നിലയില്‍ കാണപ്പെട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മമതയുടെ മൃതദേഹം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ മമതയുടെ കണ്ണിനു സമീപത്തു അടിയേറ്റതിന്റെ ക്ഷതം കണ്ടെത്തി. ഭാര്യയുടെ മരണത്തില്‍ സംശയം ഉണ്ടെന്നും തന്റെ മൂത്ത സഹോദരനെ കാണാനില്ലെന്നും രാമണ്ണഗൗഡ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *