കാസർകോട് തളങ്കരയിൽ മുറിക്കുള്ളിൽ അഴുകിയ മൃതദേഹം; കൊലപാതകമെന്ന് സംശയം.

 

കാസർകോട്:
തളങ്കര കടവത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ മുറിക്കുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നത് സംഭവത്തിൽ ദുരൂഹതയുണർത്തിയിട്ടുണ്ട്. കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നു.

ഇന്ന് വൈകിട്ടോടെയാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ മുറിയിൽനിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ ജനൽ തുറന്നുനോക്കിയത്. അപ്പോഴാണ് ഒരാൾ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ഒരു മാസം മുമ്പാണ് കർണാടക സ്വദേശികൾക്ക് താമസത്തിനായി മുറി വാടകയ്ക്ക് നൽകിയത്. ദാവൻ കര സ്വദേശിയായ നജീമുള്ളയാണ് മൂന്നുപേർക്ക് താമസിക്കാനായി മുറിയെടുത്തതെന്നാണ് വിവരം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഒപ്പം താമസിച്ചിരുന്ന രണ്ടുപേരെ കണ്ടെത്താൻ കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു.

വാതിൽ പുറത്തുനിന്ന് താക്കോൽ ഉപയോഗിച്ച് പൂട്ടിയനിലയിലായിരുന്നതാണ് സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നത്. ഫോറൻസിക് വിഭാഗം ഉൾപ്പെടെയുള്ള സംഘം നാളെ സ്ഥലത്തെത്തി പരിശോധന നടത്തും. അതിനുശേഷം മാത്രമേ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയുള്ളൂവെന്നാണ് വിവരം. പരിശോധനയ്ക്കും തുടർ അന്വേഷണത്തിനും ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. സംഭവസ്ഥലത്ത് പോലീസ് സുരക്ഷഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *