കാലിച്ചാനടുക്കം: കോടോം ബേളൂർ ഗ്രാമപഞ്ചായത്തിന്റെയും കാലിച്ചാനടുക്കം വെറ്ററിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കുമുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. ഒക്ടോബർ 14 മുതൽ 16 വരെ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്തിലെ മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാ നായ്ക്കൾക്കും പൂച്ചകൾക്കും നിർബന്ധമായും വാക്സിനേഷൻ നൽകണമെന്നും , ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തി പേവിഷബാധ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് ജനങ്ങളുടെ പൂർണ്ണ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ക്യാമ്പിന്റെ വിശദാംശങ്ങളെക്കുറിച്ചും വെറ്ററിനറി സർജൻ ഡോ. അഞ്ജിത ശിവൻ വിശദീകരിച്ചു. .വാക്സിനേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കി വളർത്തുമൃഗങ്ങൾക്കുള്ള ലൈസൻസ് നിർബന്ധമായും നേടണമെന്നും അവർ അറിയിച്ചു.
പേവിഷബാധ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായതിനാൽ വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സിനേഷൻ നൽകുകയും ലൈസൻസ് ഉറപ്പാക്കുകയും ചെയ്യുന്നത് ഉടമകളുടെ ഉത്തരവാദിത്തമാണ്. പഞ്ചായത്തിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും വാക്സിനേഷൻ ഉറപ്പാക്കി പേവിഷബാധയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ പി. സി., ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജിതിൻ, ജെയ്ബിൻ ചാക്കോ, അറ്റൻഡന്റ് ജയന്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.












Leave a Reply